ജാലകം

Sunday, 2 December 2012

നന്ദിയാരോട്......?

ഭാഗം ഒന്ന് - കാണാപൊന്ന്
**************************
നീളത്തിലുള്ള കോടതി വരാന്തയുടെ മൂലയില്‍ ഏകയായി നില്‍ക്കുകയാണ് ജയലക്ഷ്മി ടീച്ചര്‍. തന്നെ ആരും കാണരുത് എന്ന് കരുതിയിട്ടെന്തോ ചുമരിനോട് എത്രയും ചേരാമോ അത്രയും ചേര്‍ന്ന്. ഇപ്പോള്‍ കരയുമെന്ന പോലെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട് അതോ നാമജപമാണോ.

കുറച്ചകലെയായി കുറെ സ്ത്രീകള്‍ നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇത് കണ്ടു കണ്ടുവന്ന വനിതാ പോലിസ് സ്ത്രീകളെ ശകാരിച്ചു, ഇത് കോടതിയാണ് ഇവിടെയെങ്കിലും അടങ്ങിയൊതുങ്ങി നില്‍ക്കിനെടി. ഒരു ബൌണ്‍സഡ് ചെക്ക്‌ കേസ്സില്‍ ജാമ്യമില്ല വാറണ്ട് കിട്ടി വന്നതാണ്‌ ജയലക്ഷ്മി ടീച്ചര്‍.

മുരളി ചേട്ടന്‍ വന്നു പറഞ്ഞു എല്ലാം ശരിയാക്കിയിട്ടുണ്ട് വിളിക്കുമ്പോള്‍ കൂട്ടില്‍ കയറിനില്‍ക്കണം ജഡ്ജി ഫോര്‍മലായി അറസ്റ്റ് ചെയ്തുവെന്ന് പറയും വക്കീല്‍ പേപ്പര്‍ കൊടുക്കും ഉടന്‍ തന്നെ ജാമ്യം കിട്ടും. എന്നിട്ടും ടീച്ചറുടെ പേടി മാറിയില്ല അത് കണ്ടു ചേട്ടന്‍ പറഞ്ഞു ഇത്രയും അനുഭവിച്ചില്ലേ ഇനി ഒരു പതിനഞ്ചു മിനിട്ട് മാത്രം മതിയാകും. അച്ഛന്‍ വക്കീലോഫിസില്‍ തന്നെയുണ്ട്‌ നിന്റെ ഈ അവസ്ഥ കണ്ടാല്‍ പിന്നെ അച്ഛന് പിടിച്ചു നില്ക്കാന്‍ പറ്റില്ല.

എന്റെ കൂടെ വരൂ വക്കീല്‍ ഗുമസ്തന്‍ വന്നു പറഞ്ഞു. ബെഞ്ച്‌ ക്ലാര്‍ക്ക് ഉറക്കെ പറഞ്ഞു കേസ് നമ്പര്‍ ....., പ്രൊകൊണ്‍ എക്സ്പോര്‍ട്ട്‌ വൈസ് ജയലക്ഷ്മി, പ്രതി ഹാജരുണ്ടോ. ഗുമസ്തന്‍ പറഞ്ഞു അതാണ് നില്‍ക്കേണ്ട സ്ഥലം കയറിക്കോളു, ചേട്ടന്‍ പറഞ്ഞ പോലെ തന്നെ പെട്ടന്ന് ജാമ്യം കിട്ടി.


ചേട്ടന്റെ കൂടെ വക്കീലോഫിസില്‍ ചെന്നപ്പോള്‍ വിവശനായി അച്ഛന്‍ ഇരിക്കുന്ന കണ്ടു, പാവം വയസ് എഴുപതു കഴിഞ്ഞു ഇനിയെത്രനാള്‍. വക്കീല്‍ പറഞ്ഞു മേനോന്‍ സാര്‍ ജാമ്യം കിട്ടിയത് കൊണ്ട് കേസ് തീരില്ലല്ലോ ഞാന്‍ വാദി ഭാഗം വക്കീലുമായി സംസാരിച്ചു. ഒരു നാല് കോടി കൊടുത്താല്‍ കേസ് രാജിയാവും. നാല് കോടി രൂപ ഞങ്ങള്‍ എവിടുന്നു ഉണ്ടാക്കുവാനാണ് രമേശ, എല്ലാം ആ തലതിരിഞ്ഞവന്‍ നശിപ്പിച്ചില്ലേ, ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.

ജയലക്ഷ്മി ഓര്‍ത്തു നഗരത്തിലെ പ്രശസ്തമായ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായി പെന്‍ഷന്‍ പറ്റിയ ആളാണ് അച്ഛന്‍. രണ്ടു മക്കള്‍ ഇളയവളായ താനും അദ്ധ്യാപനത്തിലേക്കു തിരിഞ്ഞു. വില്ലേജ് അസിസ്റ്റന്റ് വിദ്യാധരന്‍ വിവാഹവും കഴിച്ചു നല്ല ചെറുപ്പക്കാരന്‍ സല്‍സ്വഭാവി, രണ്ടു പെണ്‍ മക്കളുമായി. ജീവിതം അല്ലലില്ലാതെ പോകുമ്പോഴാണ് നഗരത്തില്‍ ഭൂമാഫിയമാരുടെ വിളയാട്ടം ആരംഭിക്കുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്നതു പോലെ നഗര യുവത്വം റിയല്‍ എസ്റെറ്റ് രംഗത്തേക്ക് ഇറങ്ങി നേടിയവരെത്ര ചുരുക്കം നഷ്ടപ്പെട്ടവര്‍ ഒരുപാട്.


റവന്യു രംഗത്തെ കളികള്‍ എല്ലാം അറിയുന്ന ഭര്‍ത്താവ് തന്റെ പേരില്‍ റിയല്‍ എസ്റെറ്റ് ബിസിനസ് തുടങ്ങി. ആദ്യമെല്ലാം വച്ചടി വച്ചടി കയറ്റം ലക്ഷങ്ങളും കോടികളും വാചകങ്ങളിലൂടെ കൈമാറുന്നു ശരിക്കും ഒരു ചൂതാട്ടം. പതിനായിരം ടോക്കണ്‍ കൊടുത്ത് പത്തു ലക്ഷം രൂപയ്ക്ക് കരാര്‍ എഴുതുന്ന വസ്തു ഇരുപതു ലക്ഷത്തിനു അന്യ സംസ്ഥാനകാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. പതിനായിരം പത്തു ദിവസം കൊണ്ട് പത്തു ലക്ഷമാവുന്നു, കച്ചവടം മുറുകുമ്പോള്‍ ബിനാമികളുടെ കൈയില്‍ നിന്ന് കോടികള്‍ വാങ്ങി പോസ്റ്റ്‌ ഡേറ്റ് ചെക്കുകള്‍ കൊടുക്കുന്നു. ഏതിനും ഒരു അവസാനം പോലെ കപ്പലില്‍ വന്ന കള്ള നോട്ടുകള്‍ തീരുന്നു, ബിനാമികള്‍ പിന്‍വാങ്ങുന്നു കണക്കു തീര്‍ത്തവര്‍ പണക്കാരാകുന്നു. ഭര്‍ത്താവിന് ഏതായാലും കണക്കു തീര്‍ക്കാന്‍ സാവകാശം കിട്ടിയില്ല, തന്റെ പേരില്‍ ഒപ്പിട്ടു കൊടുത്ത ചെക്കുകള്‍ എല്ലാം ബൌണ്‍സായി. കേസ്സായി സമന്‍സായി നില്‍ക്കകള്ളിയില്ലാതെ ഭര്‍ത്താവ് സ്ഥലം വിട്ടു.

പാവം ജയലക്ഷ്മി ടീച്ചറുടെ വിടും സ്ഥലവും ജപ്തിയായി, ടീച്ചറും കൌമാര പ്രായം കഴിഞ്ഞ പെണ്‍ മക്കളും നഗരത്തിനു പുറത്തു ഒരു ഒറ്റമുറി ലോഡ്ജില്‍ ഇപ്പോള്‍ കഴിയുന്നു. കേസുകള്‍ അനവധി ഇനിയും ബാക്കി

ഭാഗം രണ്ട് - തീരത്തണയുവാന്‍
*****************************
 
മൈനിംഗ് ആന്‍ഡ്‌ ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയുള്ള അജിത്‌ വാര്‍ഷിക സന്ദര്‍ശനത്തിനാണ് ബില്ലരിയിലെ ഇരുമ്പയിര് ഖനിയില്‍ എത്തിയത്. സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു പോകാന്‍ നേരം സാര്‍ എന്ന വിളികേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ മദ്ധ്യവയസ്കനായ ഒരു ജോലിക്കാരന്‍. തെല്ലൊരു ദേഷ്യത്തോടെ എന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ ഒരു വിങ്ങി കരച്ചിലായിരുന്നു മറുപടി. അജിത്തിനും വിഷമമായി ഒരു നിമിഷം കൂലിപ്പണിക്കാരനായിരുന്ന അച്ഛനെ ഓര്‍ത്ത്‌ പോയി. കീഴ് ജോലിക്കാരോട് സൗമ്യമായി പെരുമാറണം എന്ന തന്റെ പോളിസി ചിലപ്പോള്‍ മറന്നു പോകുന്നതെന്തേ. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും കന്നഡ അറിയില്ലല്ലോ എന്നു കരുതി നില്‍ക്കുമ്പോള്‍ കരച്ചിലിനിടയില്‍ കൂടി മലയാളത്തില്‍ തന്നെ ആ പ്രാകൃതരൂപി പറഞ്ഞു തുടങ്ങി. അജിത്‌ സാറിനു എന്നെ മനസ്സിലായോ, രണ്ടു ദിവസമായി സംസാരിക്കണോ വേണ്ടയോ എന്ന് സംശയിച്ചു. ഇന്നു സാര്‍ മടങ്ങി പോവുമെന്ന് അറിഞ്ഞത് കൊണ്ടാണ് വന്നത്. ഇല്ല മനസ്സിലായില്ല ചേട്ടന്‍ മലയാളിയാണല്ലേ, എന്റെ പേര് അജിത്‌ എന്നാണെന്നു എങ്ങനെ മനസ്സിലായി.

ഒരു നിമിഷം പതറിനിന്ന ശേഷമയാള്‍ പതിയെ പറഞ്ഞു ഞാന്‍ ചിറ്റെടത്തെ വിദ്യാധരനാണ്. വലിയോരു ചുറ്റിക കൊണ്ട് തലയില്‍ അടി കിട്ടിയ പോലെ അജിത്‌ പുളഞ്ഞുപോയി. സങ്കല്‍പ്പിക്കാനേ പറ്റുന്നില്ല തന്റെ ഗുരു തുല്യനായ വിദ്യാധരേട്ടനാണോ മുന്‍പില്‍ നില്‍ക്കുന്ന പ്രാകൃതരൂപി. ഓര്‍മയില്‍ വെളുത്തു ഒത്ത പൊക്കവും തടിയുമുള്ള സുന്ദരനാണ് വിദ്യാധരേട്ടന്‍. ഇതോ തടിയും മുടിയും നീട്ടി വളര്‍ത്തി കുഴിയിലാണ്ട കണ്ണുകളും മുന്നിലേക്ക്‌ വളഞ്ഞ ദേഹവുമായി തീര്‍ത്തും ദയനീയമായ രൂപം. എന്ത് പറ്റിയെന്നു ചോദിയ്ക്കാന്‍ തോന്നുന്നില്ല കഥകളെല്ലാം കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു.

നാട്ടിലെ പ്രസിദ്ധമായ ചിറ്റെടത്തു വീട്ടിലെ വിദ്യാധരന്‍ വില്ലേജ് അസിസ്റ്റന്റായിരുന്നു. ഭാര്യ സ്കൂള്‍ അദ്ധ്യാപിക ജയലക്ഷ്മിയും രണ്ടു പെണ്‍ മകളുമായി സുഖമായി കഴിയുകയായിരുന്നു. വില്ലേജ് ഓഫീസറായി പ്രമോഷന്‍ കിട്ടനിരുന്നപ്പോഴാണ് വിനാശകാലേ വിപരിത ബുദ്ധിയെന്ന പോലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ ഇറങ്ങിയതും പൊട്ടി പൊളിഞ്ഞു നാട് വിടേണ്ടി വന്നതും. താന്‍ തിരികെ പോരുന്നതിനു മുന്‍പ് ജയലക്ഷ്മി ടീച്ചറെ ചെന്ന് കണ്ടു കുറച്ചു പൈസ കൊടുക്കുകയും ചെയ്തിരുന്നല്ലോ

വിമ്മി വിമ്മി കരഞ്ഞു കൊണ്ട് വിദ്യാധരേട്ടന്‍ പറഞ്ഞു തുടങ്ങി എന്നെ ഇവിടെ വച്ച് കണ്ട കാര്യം ആരോടും പറയരുത്. ഇപ്പോള്‍ തന്നെ മോന്റെ മുന്‍പില്‍ ഞാന്‍ ആരെന്നു പറഞ്ഞത് എന്റെ ഭാര്യയും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോന്നു അറിയാനാ. നാട്ടില്‍ പോയതും ജയലക്ഷ്മി ടീച്ചറെ കണ്ടതും പറഞ്ഞു അതോടു കൂടി കരച്ചില്‍ നിന്നു. ജപ്തി നടന്നു വീടും സ്ഥലവും പോയതും, ഇപ്പോള്‍ ടീച്ചറും മക്കളും വാടക വീട്ടില്‍ കഴിയുന്നതും പറഞ്ഞു കയര്‍ത്തപ്പോള്‍ പിന്നെയും കരച്ചിലായി. മോനെ അങ്ങനെയൊക്കെ പറ്റി പോയി പെട്ടന്ന് കുറെ പൈസയുണ്ടാക്കാനായി ഇറങ്ങി ആദ്യം കുറെ കിട്ടി പിന്നെ കണ്ണടച്ച് തുറക്കുന്ന നേരം എല്ലാം നഷ്ടപ്പെട്ടു. എവിടയാണ് പിഴച്ചതെന്നു ഇപ്പോഴും മനസ്സിലാവുന്നില്ല നാട് വിടുമ്പോള്‍ നാല് കോടി രൂപയുടെ കടം ഉണ്ടായിരുന്നു ജപ്തി കഴിഞ്ഞു ബാക്കിയെത്ര കൊടുക്കാനുണ്ടെന്ന് പോലും അറിയില്ല. ഇനിയുള്ള എന്റെ ജീവിതത്തില്‍ കടങ്ങളൊക്കെ വീട്ടാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇനി എത്ര നാള്‍ ജീവിക്കുമെന്ന് പോലും അറിയില്ല എല്ലാം വിധി.

കാരവന്‍ ഡ്രൈവര്‍ വന്നു പറഞ്ഞു മറ്റുള്ളവരെല്ലാം തിരക്കുന്നു വരികയല്ലേ, പോകുവാനുള്ള സമയമായി നാളെ മുതല്‍ ഒരാഴ്ച വേറെ ഒരു ഖനി പരിശോധിക്കണം. വിദ്യാധരേട്ടനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എല്ലാം ശരിയാവുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പിരിഞ്ഞു.


ഭാഗം മൂന്ന് - നന്ദിയാരോട്
*************************
ബുര്‍ജ് ഖലിഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നൂറ്റി അറുപത്തിരണ്ടു നിലകളില്‍ മുകളിലേക്ക് പൊങ്ങി പോകുന്നു. വിദ്യാധരന്‍ ബുര്‍ജ് ഖലിഫയുടെ മുകളറ്റം കാണുവാന്‍ കഴിയുമോ എന്ന് നോക്കി. മങ്ങിയ കാഴ്ച, മങ്ങിയത് തന്‍റെ കണ്ണുകളോ കെട്ടിടത്തിന്‍റെ ഉയരമോ, മങ്ങിയതു കണ്ണുകളാവാം. രണ്ടായിരത്തി തൊള്ളായിരത്തി ഒന്‍പതു പടികള്‍ കയറിയാല്‍ മുകളറ്റത്തു എത്തമാത്രേ ജനനവും മരണവും തമ്മിലുള്ള അന്തരം പോലെ. വിദ്യാധരന്‍ ആലോചിച്ചു താന്‍ ഇപ്പോള്‍ എത്ര പടികള്‍ കയറിക്കാണും ഇനി എത്ര പടികള്‍ കയറാനുണ്ട്‌. ജനി മൃതികള്‍ക്കിടയിലുള്ള ജീവിതം ഒരു പ്രഹേളിക തന്നെയല്ലേ, ചുരുങ്ങിയത് തന്‍റെ ജീവിതത്തിലെങ്കിലും.

നാല്‍പ്പത്തി രണ്ടു വര്‍ഷം മുന്‍പ് സാമാന്യം ചുറ്റുപാടുള്ള നായര്‍ തറവാട്ടില്‍ ജനിച്ച താന്‍ ബികോമും ചെയിന്‍ സര്‍വേയും പാസായി റവന്യു സര്‍വീസില്‍ കയറിയത് ഇരുപതു വര്‍ഷം മുന്‍പ്. പതിനഞ്ചു വര്‍ഷം മുന്‍പ് വിവാഹിതനായ താന്‍ ഇന്ന് പതിമൂന്നും പത്തു വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ്. നാള്‍ക്കു നാള്‍ വളരുന്ന തന്‍റെ മക്കള്‍ അവരുടെ വിദ്യാഭ്യാസം വിവാഹം സമൂഹത്തില്‍ ഉന്നത നിലയിലുള്ള ജീവിതം ഇതിനൊക്കെ ഒരു വില്ലേജ് അസിസ്ടന്റായ തന്‍റെ ശമ്പളവും പിന്നെ കിട്ടുന്ന തുച്ചമായ പാരിതോഷികങ്ങളും മതിയാകില്ല എന്ന് തോന്നിയപ്പോഴാണ് റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്ക് കടന്നത്‌.

ഒരു ഗവണ്‍മെന്റ് ജീവനക്കാരനായ തനിക്കു റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ് നേരിട്ട് നടത്താന്‍ പറ്റില്ലയെന്ന് അറിയാമായിരുന്നത് കൊണ്ട് പ്രൈവറ്റ് സ്കൂള്‍ അദ്ധ്യാപികയായ ഭാര്യയുടെ പേരില്‍ തുടങ്ങയത്. പാവം ജയലക്ഷ്മി വീട്ടിലെ കാര്യങ്ങളും സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കലുമാല്ലാതെ ലോക കാര്യങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണ വീട്ടമ്മ. ആദ്യമായി ഒരു ചെക്കില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ വിറച്ചു വിറച്ചു ശ്രമിക്കുകയും അവസാനം പറ്റില്ലാന്നു മനസ്സിലായപ്പോള്‍ നിങ്ങള്‍ തന്നെ എന്‍റെ പേരില്‍ ഒപ്പിട്ടാല്‍ മതിയെന്ന് പറഞ്ഞ വെറും പൊട്ടി പെണ്ണ്. ആ ജയലക്ഷ്മിയാണ് വണ്ടി ചെക്ക് കേസ്സില്‍ അറസ്റ്റിലായത് ചെയ്ത ഒരേയൊരു തെറ്റ് തന്നെ പോലെയുള്ള ഒരാളുടെ ഭാര്യയായത് മാത്രം.

കടവും കടത്തിനുമുകളില്‍ കടവുമായി നാട്ടില്‍ നില്‍ക്കകള്ളി ഇല്ലാതെ വന്നപ്പോള്‍ മുന്‍പില്‍ രണ്ടു പോംവഴികളെ ഉണ്ടായിരുനോള്ളൂ സകുടുമ്പം ആത്മഹത്യ അല്ലെങ്കില്‍ ഒളിച്ചോട്ടം ആ രാത്രിയില്‍ താന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. ഓട്ടമായിരുന്നു ഏതല്ലാം സ്ഥലങ്ങള്‍ കറങ്ങി ഒന്നും ഓര്‍മയില്ല അവസാനം ബില്ലരിയില്‍ എത്തി ഏഴു മാസത്തോളം കഷ്ടപ്പെട്ടു. ആ ജീവിതം ഓര്‍മിക്കാനെ വയ്യ ശരിക്കും അടിമപ്പണി ആവിശ്യത്തിന് ഭക്ഷണം ഇല്ല, ഉറങ്ങാന്‍ സ്ഥലമില്ല പ്രാഥമിക ആവിശ്യങ്ങള്‍ പോലും ശരിക്കും നിറവേറ്റാന്‍ പറ്റില്ലായിരുന്നു.

തങ്ങളുടെ തറവാട്ടിലെ സ്ഥിരം ജോലിക്കാരനായിരുന്നു പപ്പന്‍ ചേട്ടന്‍, മകന്‍ അജിത്‌ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. അജിത്‌ മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ സയിന്റിസ്റ്റായി ജോലി കിട്ടുകയും അന്ന് ബില്ലാരി ഇരുമ്പയിര് ഖനിയില്‍ പരിശോധനയ്ക്ക് വരികയും ചെയ്തില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നോ. അന്ന് അജിത്‌ പോയ ശേഷം തന്‍റെ ജീവിതം പിന്നെയും മാറി മാറിയുകയാണന്ന് ചിന്ത പോലും ഇല്ലായിരുന്നു. അജിത്‌ നാട്ടില്‍ ചെന്നപ്പോള്‍ സഹപാഠിയായ നഗരത്തിലെ ഏസിപ്പി ജോയ് എബ്രഹാം സാറിനോട് തന്‍റെ കഥകള്‍ പറയുകയും സഹായിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്തത് എപ്പോഴോ ഉണ്ട ചോറിന്‍റെ നന്ദി കൊണ്ടാണോ അതോ തന്‍റെ ഭാര്യയുടെയും മക്കളുടെയും പ്രാര്‍ത്ഥന കൊണ്ടോ.

ജോയ് എബ്രഹാം സാര്‍ അന്വേഷിച്ചപ്പോള്‍ തന്റെ പേരില്‍ നിലവില്‍ കേസ്സുകള്‍ ഒന്നും ഇല്ലന്നും ജയലക്ഷ്മിയുടെ പേരില്‍ രണ്ടു ചെക്ക് കേസ്സുകള്‍ ഉണ്ടെന്നും മനസ്സിലായി. ചെക്ക് കേസ്സുകളുടെ വാദിയായ പ്രോകൊണ്‍ എക്സ്പോര്‍ട്ടുമായി ബന്ധപ്പെട്ടപ്പോള്‍ പലിശ ഒഴിവാക്കി കടം വീട്ടിയാല്‍ കേസ്സുകള്‍ പിന്‍വലിക്കാമെന്ന് അവര്‍ സമ്മതിച്ചു. ജോയ് എബ്രഹാം സാറും അജിത്തും മുരളിയും കൂടി താന്‍ ടോക്കണ്‍ അഡ്വാന്‍സ് കൊടുത്തവരെയെല്ലാം വിളിച്ചുകൂട്ടി ഭീഷിണിപ്പെടുത്തിയപ്പോള്‍ അവരെല്ലാം കുറെ തുക നല്‍കി. അതെല്ലാം സ്വരൂപിച്ചു മറ്റു കടങ്ങളെല്ലാം തീര്‍ത്ത്‌ അജിത്തും മുരളിയും തന്നെ വന്നു കാണുകയും തിരിച്ചു നാട്ടിലേക്ക് കൂട്ടി കൊണ്ട് വരികയും ചെയ്തു.

പിന്നെയുണ്ടയിരുന്നത് 
പ്രോകൊണ്‍ എക്സ്പോര്‍ട്ടിന് കൊടുക്കുവാനുള്ള അന്‍പത്തി നാല് ലക്ഷം രൂപ അത് എങ്ങിനെ കൊടുത്ത് തീര്‍ക്കും എന്ന് കരുതിയിരുന്നപ്പോഴാണ് അമ്പലപ്പുഴയിലുള്ള കുറുപ്പ് സാര്‍ ഫോണ്‍ ചെയ്യുന്നത്. മറന്നു കിടക്കുകയായിരുന്നു തന്റെ നല്ല കാലത്ത് അമ്പലപ്പുഴയില്‍ വാങ്ങിയ നാലേക്കര്‍ ഭൂമി. ഉടന്‍ തന്നെ ജോയ് എബ്രഹാം സാറിന്റെ മധ്യസ്ഥതയില്‍ പ്രോകൊണ്‍ എക്സ്പോര്‍ട്ടുമായി ചര്‍ച്ച നടത്തുകയും ആ സ്ഥലം അവര്‍ ഏറ്റെടുക്കാമെന്നും സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്ക് നടുവില്‍ പ്രോകൊണ്‍ ഒരു സഹായ വാഗ്ദാനം നല്‍കി അവര്‍ ദുബായില്‍ തുടങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ 2100 ദിറം പ്രതിമാസ ശമ്പളത്തില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആയി നിയമനം നല്‍കാമെന്ന്.

അവസാന കടമ്പ റവന്യു സര്‍വീസിലെ ജോലി തിരികെ കിട്ടുകയെ
ന്ന് അതിനും നല്ലവരായ ജോയ് എബ്രഹാം സാറും അജിത്തും സഹായിച്ചു അവര്‍ തന്നെ കൂട്ടി ആര്‍ ഡി ഓ മുഹമ്മദ്‌ സാറിനെ ചെന്ന് കണ്ടു. ആദ്യം ചൂടായി ഗെറ്റ് ഔട്ട്‌ അടിച്ചുവെങ്കിലും നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് മെഡിക്കല്‍ ലീവ് വിത്ത്‌ ഔട്ട്‌ പേയില്‍ ലീവ് അപ്രൂവ് ചെയ്തു. ഒരു വര്‍ഷം സര്‍വീസ് ബ്രേക്കോടെ അങ്ങനെ ജോലിയില്‍ തിരികെ പ്രവേശിച്ചു. മൂന്നു മാസത്തിനു ശേഷം അഞ്ചു വര്‍ഷം ലീവ് എടുത്തു ഗള്‍ഫില്‍ വന്നു പ്രോകൊണ്‍ ദുബായ് സൈറ്റില്‍ ജോയിന്‍ ചെയ്തു.

ജനനം മുതല്‍ ഒരുപാട് പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്താലേ ജീവിത ചക്രം പൂര്‍ത്തിയാക്കാന്‍ പറ്റു, അതിനിടയില്‍ പല തവണ വീഴും അപ്പോഴൊക്കെ ദൈവത്തിന്റെ അദൃശ്യ ഹസ്തം താങ്ങുവാന്‍ ഉണ്ടാകും. അത് ചിലപ്പോള്‍ അജിത്‌ ആയിട്ടാകാം ജോയ് എബ്രഹാം ആയിട്ടാകാം കുറുപ്പ് ആയിട്ടാകാം മുഹമ്മദ്‌ ആയിട്ടാകാം. എല്ലാവര്‍ക്കും നന്മകള്‍ വരട്ടെ.

No comments:

Post a Comment