ജാലകം

Tuesday, 4 December 2012

ക്ഷണഭംഗുരം (നോവലൈറ്റ്)

ക്ഷണഭംഗുരം
**************
ഞാന്‍ പ്രസന്നന്‍ വയസ് അമ്പത്തേഴ്, ചെറുപ്പത്തില്‍ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് എന്നല്ലാതെ സാഹിത്യകാരൻ ഒന്നുമല്ല. കുറച്ചു വർഷങ്ങൾക്ക് മുന്‍പ് ചില മലയാള കൂട്ടായ്മകളില്‍ ചേര്‍ന്നപ്പോഴാണ് നാൽപ്പത് വര്‍ഷത്തോളം എഴുത്ത് അന്യമായ എനിക്ക് എഴുതാനുള്ള കഴിവ് കൈമോശം വന്നില്ലന്ന് മനസ്സിലായത്‌. പിന്നെ എന്തൊക്കെയോ എഴുതി ബ്ലോഗായി പോസ്റ്റ്‌ ചെയ്തു, ഒരുപാടു പേരുടെ പ്രോത്സാഹന ജനകമായ അഭിപ്രായങ്ങള്‍ കിട്ടി, അതാണ് ഈ നീണ്ട കഥയെഴുതാനുള്ള പ്രചോദനം.

ഇനി കഥയിലേക്ക്‌ അമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നോരു സംഭവമാണ് കഥാതന്തു. ആ സംഭവം എന്റെതായ രീതിയില്‍ രൂപമാറ്റം ചെയ്തെടുത്തു. ആത്മാംശം ഉള്‍കൊണ്ടതാണ്  കേന്ദ്രകഥാപാത്രമായ ഗോപാലകൃഷ്ണന്‍. ഞാൻ ആരായിരുന്നു, ആരാവണം എന്ന് ആഗ്രഹിച്ചിരുന്നു, എന്താണ് എന്റെ സ്വപ്‌നങ്ങള്‍ എന്നല്ലാം ഈ കഥയില്‍ നിന്നറിയാം. പക്ഷെ  ഗോപാലകൃഷ്ണനെ മോള്‍ഡ് ചെയ്തെടുത്തത് എനിക്കറിയാവുന്ന മൂന്നു വ്യക്തികളുടെ അനുഭവങ്ങളും സ്വഭാവങ്ങളും ചേര്‍ത്താണ്. ഈ കഥയില്‍ വന്ന മിത്സുബഷി, ജപ്പാന്‍ എന്നീ പേരുകള്‍ അറിയാതെ വന്നതാണ്‌ ഞാനിതുവരെ പോകാത്ത നിപ്പോണിനെ കുറിച്ചെഴുതാന്‍ നെറ്റില്‍ കുറെ സേര്‍ച്ച്‌ ചെയ്തു. നിയതമായ ദൈവ വിശ്വാസി ഒന്നുമല്ല ഞാൻ, പക്ഷെ പുനര്‍ ജന്മത്തില്‍ വിശ്വസിക്കുന്നു. മുന്‍ ജന്മത്തിലേതിലെങ്കിലും ഞാന്‍ ജപ്പാനില്‍ പോയിരുന്നിരിക്കാം വസിച്ചിരുന്നിരിക്കാം. കളി പറയുന്നതല്ല ബാല്യം മുതലേ എന്റെ സ്വപ്നങ്ങളില്‍ വരുന്നതാണ് ജപ്പാനും പഞ്ചാബും.

ഈ കഥ ഉചിതമായ രീതിയിലല്ല പര്യവസാനിപ്പിച്ചതെന്നു എനിക്കറിയാം എന്തോ അറിയാത്തൊരു ശക്തി പിന്നോട്ട് വലിച്ചപോലെ ഗോപാലകൃഷ്ണന്റെ കഥ അപൂര്‍ണമായി നിര്‍ത്തണം എന്നാണോ നിയതി കല്‍പ്പിച്ചിരിക്കുന്നത്. ഇനിയെന്നെങ്കിലും മറിച്ചൊരു തീരുമാനം ഉണ്ടാകുമോ?
എല്ലാവര്‍ക്കും നല്ലത് വരട്ടെ തുടര്‍ന്ന് വായിക്കുക

അദ്ധ്യായം ഒന്ന് - പ്രത്യാഗമനം
********************************
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തല്‍പ്രയാസം തവ
സുക്തമതല്ലായ്കയാല്‍ എന്തിതിനാല്‍ ഫലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ
വഹ്നിസന്തപ്ത ലോഹസ്താ അമ്പുബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം
(ലക്ഷ്മാണോപദേശം  - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

ഗുഡ് ഈവനിംഗ്, അറ്റെന്ഷന്‍ പ്ലീസ്, വീ ആര്‍ അപ്രോച്ചിംഗ് റ്റു കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്‌. വീ ആര്‍ അറ്റ്‌ എ ഡിസ്റ്റന്‍സ് ഓഫ് ഫിഫ്റ്റി കിലോമീറ്റര്‍ റ്റു എയര്‍ പോര്‍ട്ട്‌ ആന്‍ഡ്‌ ആന്‍ ഹൈററ് ഓഫ് തെര്‍ട്ടി തൌസണ്ട് ഫീറ്റ്‌. ഔട്ട്‌ സൈഡ് ടെമ്പറെച്ചര്‍ ട്വന്റി സെവന്‍ ഡിഗ്രി സെന്റിഗ്രേഡ്, ക്ലൈമാറ്റിക് കണ്ടിഷന്‍ ഈസ്‌ ക്ലൌഡി ആന്‍ഡ്‌ എക്സ്പറ്റിംഗ് റൈന്‍ സൂണ്‍. താങ്ക്യു ചൂസ്സിംഗ് സിംഗപ്പൂര്‍ എയർവൈയസ്, വെല്‍ക്കം യു എബോറഡ് റ്റു സര്‍വ് എഗൈന്‍.

പൈലറ്റിന്റെ അനൌണ്‍സ്മന്റ് കേട്ടാണ് ജീകെ എന്ന ഗോപാലകൃഷ്ണന്‍ ഉറക്കമുണര്‍ന്നത്‌, തിടുക്കപ്പെട്ട് ജീകെ വിന്‍ഡോവിലൂടെ താഴേക്കു നോക്കി. സമയം സന്ധ്യ കഴിഞ്ഞു എന്നാലും താഴെ അറബികടല്‍ വ്യക്തമായി കാണാം ബാക്കിയുള്ള സ്ഥലങ്ങള്‍ വ്യക്തമല്ല ലൈറ്റുകള്‍ മിന്നുന്നത് മാത്രം. നോക്കിയിരിക്കെ അങ്ങ് ദൂരെ പ്രകാശത്തിന്റെ അലകടല്‍, മുന്‍ പരിചയം വച്ച് അതൊരു മഹാ നഗരമായിരിക്കാം. പെടുന്നനെ ശരീരം മുഴുവന്‍ കുളിരു കോരിയത് പോലെ! ഇത് തന്റെ എറണാകുളം നഗരം അല്ലെ.

ഇരുപത്തെഴ് വര്‍ഷങ്ങള്‍..... എത്ര പെട്ടന്നാണ് കടന്നു പോയത്, തന്റെ ബാല്യവും കൗമാരവും യൗവനവും പിന്നിട്ട എറണാകുളം. ഹോസ്റ്റസ്സിന്റെ ഫോര്‍മല്‍ അനൌണ്‍സ്മന്റ് കേട്ട് സീറ്റ് ബെല്‍റ്റ്‌ മുറുക്കി, ഒരു വിറയലോടെ വിമാനം കുത്തനെ താഴോട്ട്, പിന്നെ കുറച്ചു ദൂരം നേരെ, പിന്നെയും താഴോട്ട്, അപ്പോഴേക്കും എയര്‍പോര്‍ട്ട്‌  കണ്ടു തുടങ്ങി ഒരു കുലുക്കത്തോടെ ചക്രങ്ങൾ റണ്‍വേയില്‍ സ്പര്‍ശിച്ചു.

ലോഞ്ചില്‍ വെല്‍ക്കം ജീകെ, പ്രോജക്റ്റ് മാനേജര്‍, മിത്സുബഷി കോര്‍പോറെഷന്‍ എന്ന ബോര്‍ഡുമായി സ്വീകരിക്കാന്‍ നില്‍ക്കുന്നവരെ കണ്ടു, നേരെ ഹോട്ടല്‍ ലേമേറീഡിയിനിലേക്ക്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ പുതിയതാണ് വലുതുമാണ് പക്ഷെ താന്‍ കണ്ട  യുഎസ്സിലെയും യൂറോപ്പിലെയും ജപ്പാനിലെയും സിംഗപ്പൂരിലെയും എയര്‍പോര്‍ട്ടുകളെ അപേഷിച്ചു തീരെ ചെറുത്‌. നെടുമ്പാശ്ശേരി മുതല്‍ എറണാകുളം വരെ പുറത്തേക്ക് നോക്കിയിരുന്നു. താന്‍ പോയപ്പോഴുള്ള നഗരം ചെറുത്‌ ഇപ്പോഴോ, ചുറ്റും ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന ഭീമന്‍ കെട്ടിടങ്ങള്‍, നഗരം അതിവേഗം വികസിക്കുകയാണ്. ഒരു മെട്രോ റയില്‍വേയുടെ ആവശ്യകത തീര്‍ച്ചയായും ഉണ്ട്.

ഇനോവ മാര്‍ത്താണ്‍ഡവര്‍മ്മ പാലം പിന്നിട്ടു ഫ്ലൈഓവറിലേക്ക്  കയറി. താന്‍ പോകുമ്പോള്‍  ചെറിയ പാലം കടന്നു ആലുവ ടൗണ്‍ ചുറ്റിവേണം എറണാകുളത്തേക്ക്  പോകാന്‍ ഇപ്പോഴോ. ആലുവ മാര്‍ക്കറ്റ് ക്രോസ് ചെയ്ത് ഫ്ലൈഓവര്‍ ഫോര്‍ലൈന്‍ ഹൈവേയിലേക്ക്  ലാന്‍ഡ് ചെയ്തു. ഇനോവ കുതിച്ചു പായുകയാണ്  ട്രാസ്പോര്‍ട്ട് ഗാരേജ് ഇപ്പോഴുമുണ്ട്. കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്‍പ്  റീസന്റ് ഡവലപ്മെന്റ്  നോക്കിയിരുന്നത് കൊണ്ട് മുട്ടം കഴിഞ്ഞപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു അതാ വല്ലാര്‍പാടം കണ്‍ടൈനര്‍ ടെര്‍മിനല്‍ റോഡ്‌ ഹൈവേയിലേക്ക് ചേരുന്നു. ആലുവയ്ക്കും കളമശേരിക്കും ഇടയില്‍ ഗ്രാമമായി കിടന്ന എന്റെ നാട് തന്നെയോ.

ഇടപ്പള്ളിയില്‍ വച്ച് കൊച്ചിന്‍ ബൈപാസ്‌  തുടങ്ങുന്നു ശരിക്കും ഒരു മെട്രോ നഗരമായി കൊച്ചി. തലുയര്‍ത്തി നില്‍ക്കുന്ന അമ്പരചുബികള്‍, ലുലു മാള്‍ ഒബ്രോണ്‍ മാള്‍ പാലാരിവട്ടം ജംഗ്ഷന്‍ പിന്നെ വൈറ്റില മോബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും. കേരളത്തിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനാണ്  വൈറ്റില എന്ന് വായിച്ചത് പരമാര്‍ത്ഥം, താന്‍ നാട് വിടുമ്പോള്‍ ചായകടയും സിനിമ കൊട്ടകയും ഇലക്‌ട്രിസിറ്റി ഓഫീസും മാത്രം ഉണ്ടായിരുന്ന വൈറ്റില ഇന്ന് മിനിട്ടില്‍ നൂറില്‍പ്പരം വാഹനങ്ങള്‍ കടന്നു പോകുന്ന ജംഗ്ഷന്‍. അടുത്ത ജംഗ്ഷന്‍ കുണ്ടനൂര്‍ നാഷണല്‍  ഹൈവേ നല്പ്പത്തെഴിന്റെയും നല്പ്പത്തോമ്പതിന്റെയും സംഗമ സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ചെറിയ നാഷണല്‍  ഹൈവേയും കേരളത്തിലെ ഏറ്റവും വലിയ പാലവുമായ നാഷണല്‍  ഹൈവേ 49A കുണ്ടനൂരിനെയും വിലിംഗ്ട്ടന്‍ ഐലണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കുണ്ടനൂര്‍ ജംഗ്ഷന്റെ പടിഞ്ഞാറു ഭാഗത്തായി ലേമേറീഡിയിന്‍ ഹോട്ടല്‍.

ചെക്ക്‌ ഇന്‍ ചെയ്ത് തനിക്കായി ബുക്ക്‌ ചെയ്ത സ്യുട്ടില്‍ എത്തി ജനാലയിലൂടെ നോക്കിയപ്പോള്‍ വിശാലമായ കായല്‍ പരപ്പും കായലിനെ കീറി മുറിച്ചു കൊണ്ട് തേവരപാലവും പാലത്തിലൂടെ തീപ്പെട്ടികള്‍ പോലെ നീങ്ങുന്ന വാഹനങ്ങളും. പെട്ടന്ന്  ആര്‍ത്തലച്ചു മഴ വന്നു തന്റെ മഴ, ജൂലായ്‌ മാസത്തിലെ മഴ, മിഥുന മാസത്തിലെ മഴ, തിരുവാതിര ഞാറ്റുവേല. ഇരുപത്തെഴ് വര്‍ഷങ്ങള്‍ മുന്‍പ് ഇത് പോലൊരു മഴക്കാലത്തായിരുന്നു കൈയില്‍ കീറിയ എയര്‍ ബാഗുമെടുത്ത് താന്‍ ബോംബയ്ക്ക് ജയന്തി ജനത കയറിയത്. ആകെ വിലപിടിച്ചതായി അന്ന് തന്റെ കൈയില്‍ ഉണ്ടായിരുന്നത് ബീയെസി ഫിസിക്സ്‌ ഫസ്റ്റ് ക്ലാസ്സില്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം.

ക്ലോക്കില്‍ സമയം ഒന്‍പത്, നാളെ രാവിലെ കൊച്ചി മെട്രോ റെയില്‍വേ കോര്‍പ്പോറെഷന്‍ എംഡിയെ കണ്ട് മിസ്ത്സുബഷിക്ക്  വേണ്ടി ഔദ്യോദികമായി നിര്‍മാണ ചുമതല ഏറ്റെടുക്കേണ്ടതാണ് അധികം താമസിയാതെ ഉറങ്ങുവാന്‍ നോക്കണം. റെസ്റ്റോറന്റില്‍  വിളിച്ചു ചായ പറഞ്ഞു, ബന്‍ക്യുറ്റ് ഹാളിലേക്ക് പോകാന്‍ തോന്നുന്നില്ല അത്താഴവും ഓര്‍ഡര്‍ നല്‍കി. ടിവി ഓണ്‍ ചെയ്തപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാറിന്റെ എഡിറ്റെഷസ് അവര്‍. പഴയ തീപ്പൊരി സഖാവ് എം വി രാഘവന്റെ മകന്‍ കസറുന്നു. ചായ കുടിച്ച ശേഷം കുളിച്ചു വന്ന് ഭാര്യ ഐക്കയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു. ഭക്ഷണം കഴിച്ച് കിടക്കയിലേക്ക് വീണു, ഉറക്കം വരുമോ ആവോ ഓര്‍മയുടെ ഒരു സുനാമി തന്നെ മനസ്സില്‍ ഇരുമ്പുന്നു........

ഓര്‍മ്മകളുടെ വഴിത്താരയില്‍ പല ചിത്രങ്ങളും മിന്നി മറഞ്ഞു അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബാല്യകാലത്തെ കൂട്ടുകാര്‍, ജനിച്ച സ്ഥലമായ മുപ്പത്തടം ഗ്രാമം, പഠിച്ച കമ്പനി സ്കൂള്‍, പ്രീ ഡിഗ്രി പഠിച്ച കളമശ്ശേരി സെന്റ്‌ പോള്‍സ് കോളേജ്, ഡിഗ്രി പഠിച്ച എറണാകുളം സെന്റ്‌ ആല്‍ബെര്‍ട്ട് കോളേജ്. എത്ര എത്ര മുഖങ്ങള്‍ എത്ര എത്ര സ്ഥലങ്ങള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു രക്ഷയില്ല അവസാനത്തെ ആയുധമായ വാലിയം ഗുളിക തന്നെ ശരണം. രണ്ടു ഗുളികകള്‍ വായിലിട്ടു ഒരു കവിള്‍ വെള്ളവും കുടിച്ചു മൂടി പുതച്ചു കിടന്നു ഇനി ആറ് മണികൂര്‍ ഉറക്കം ഉറപ്പ്. ഗാഡമായ ഉറക്കത്തിനു ഒടുവിലോരു സ്വപനം കണ്ടാണ്‌ ഉണര്‍ന്നത് ഒരു റെയില്‍വേ സ്റ്റേഷന്‍ അവിടെ മുഴിഞ്ഞു നാറിയ പാന്റും ഷര്‍ട്ടും ഇട്ടു നില്‍ക്കുന്നൊരു പയ്യന്‍, ഹേ ഇതു താനല്ലേ ഇരുപത്തിയേഴു വര്‍ഷം മുന്‍പുള്ള ഗോപാലകൃഷ്ണന്‍.

അദ്ധ്യായം രണ്ട് – പലായനം
*******************************
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌
അത് വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്യ ജന്മത്തെ മുന്‍പേ കഴിച്ചു നാം
 (പൂന്താനത്തിന്റെ ജ്ഞാനപ്പാന)

നീണ്ട യാത്രയ്ക്ക് ഒടുവില്‍ ഗോപാലകൃഷ്ണന്‍ കല്യാണ്‍ ജങ്ങ്ഷനില്‍ ഇറങ്ങി, അറിയാത്ത നാട് വലുതായൊന്നും അറിയാത്ത ഭാഷ. ചന്ദ്രശേഖരന്‍, 2/4/8 ലോക്ഗ്രാം, കല്യാണ്‍ എന്നഴുതിയ തുണ്ട് കടലാസും കൈയില്‍ പിടിച്ചു പകച്ചു നിന്ന താന്‍ അടുത്തു കൂടി പോകുന്നവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു അതാ പിടി വള്ളി. കുറച്ചു ദൂരെ കൂടി മലയാളത്തില്‍ സംസാരിച്ചു നടക്കുന്ന രണ്ടു പേരെ കണ്ടപ്പോള്‍ ഓടി ചെന്ന് ലോക്ഗ്രാം എവിടെയെന്നു ചോദിച്ചു. കുറെ നേരം സൂക്ഷിച്ചു നോക്കിയിട്ട് അവര്‍ പറഞ്ഞു തന്നു കല്യാണ്‍ ഈസ്റ്റില്‍ പുതിയതായി തുടങ്ങിയ ഹൗസിംഗ് കോംപ്ലക്സാണ്. അങ്ങോടുള്ള വഴി ശരിയായിട്ടില്ല ആ കാണുന്ന ഓവര്‍ ബ്രിഡ്ജ് വഴി പോകണം പക്ഷെ അത് പൂര്‍ത്തിയാക്കിയിട്ടില്ല. ഇവിടെ ആദ്യമായി വരുന്ന താന്‍ ട്രെയിനുകള്‍ക്കിടയിലൂടെ കടന്നു പോകുന്നത് ശരിയല്ല. അത് കൊണ്ട് വഴിയിലേക്ക് ഇറങ്ങി ചോദിച്ചു പോണം ലോക്ഗ്രാം കിതര്‍ ഹൈ എന്ന് ചോദിച്ചാല്‍ മതി. നല്ലവരായ അവര്‍ ഈസ്റ്റിലേക്ക് ഇറങ്ങാനുള്ള വാതില്‍ക്കല്‍ കൊണ്ട് വിട്ടു.

ചോദിച്ചും പറഞ്ഞും ലോക്ഗ്രാമില്‍ ചെന്ന് എട്ടാമത്തെ ബില്‍ഡിംഗില്‍ നാലാമത്തെ നിലയിലെ രണ്ടാമത്തെ ഫ്ലാറ്റിനു മുന്‍പില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടടുപ്പിച്ചു എത്തി. പൂട്ടി കിടക്കുന്ന ഫ്ലാറ്റിനു മുന്‍പില്‍ തളര്‍ന്നവശനായി ഇരിക്കുന്ന തന്നെ കണ്ട നല്ലവളായ പഞ്ചാബി അമ്മുമ്മ വിവരം ചോദിക്കുകയും മലയാളി ആണന്നു മനസ്സിലായപ്പോള്‍ മലയാളികള്‍ താമസിക്കുന്ന അടുത്ത ബില്‍ഡിംഗിലെ ഫ്ലാറ്റില്‍ കൊണ്ടാക്കുകയും ചെയ്തത് ഭാഗ്യം. തന്റെ അവശത കണ്ട ദമ്പതികള്‍ കുളിക്കുവാന്‍ പറഞ്ഞു കുളിച്ചപ്പോള്‍ പകുതി ക്ഷീണവും മാറി. ഊണ് കഴിക്കാന്‍ തന്നു അന്നവര്‍ തന്ന ഊണിന്റെ രുചി ഇന്നും നാവില്‍.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവര്‍ പറഞ്ഞു ഏതായാലും നിനക്ക് ചന്ദ്രശേഖരന്റെ കൂടെ താമസിക്കാന്‍ പറ്റില്ല പുതിയതായി കല്യാണം കഴിച്ചു സിംഗിള്‍ ബെഡ്റൂം ഫ്ലാറ്റില്‍ താമസിക്കുന്ന അവര്‍ക്ക് ബുദ്ധിമുട്ടാവും. ബോംബയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഗൃഹനാഥന്‍ ഒന്ന് ആലോചിച്ചു പറഞ്ഞു നിന്നെ പോലെ ഗതിയില്ലാതെ വരുന്നവര്‍ക്ക് താമസിക്കാന്‍ ഒരിടം എനിക്കറിയാം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്ന് വന്നോരു പയ്യനെ അവിടെ കൊണ്ടാക്കിയിരുന്നു. ഏതായാലും ചന്ദ്രശേഖരന്‍ വരട്ടെ അത് വരെ നിനക്ക് ഉറങ്ങണമെങ്കില്‍ കിടക്ക തരാം. ഇത്രയും തന്നെ അവരെ ബുദ്ധിമുട്ടിച്ചതില്‍ മനസ്താപമുള്ള താന്‍ വരാന്തയില്‍ ചെന്നിരുന്നു. ഒരു പുതുയുഗ പിറവിയുടെ ചിലമ്പോലിയ്ക്ക് കാതോര്‍ത്ത് വരാന്തയിലിരുന്നു താന്‍ മയങ്ങി പോയി.

എണീക്കടോ എന്നുള്ള അലര്‍ച്ച കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോള്‍ മുന്നില്‍ കലി തുള്ളി നില്‍ക്കുന്ന ഒരു അപരിചിതന്‍, ചന്ദ്രശേഖരനായിരിക്കും എഴുന്നേറ്റു ചിരി വരുത്തി. ആരാണ് താന്‍ എന്തിനു എന്നെ അന്വേഷിച്ചു വന്നു പുള്ളിക്കാരന്റെ കലി അടങ്ങിയിട്ടില്ല. ചന്ദ്രന്‍ എന്തിനാണ് ആ പാവത്തോട് ചൂടാവുന്നു ഞാന്‍ എല്ലാം പറഞ്ഞിരുന്നല്ലോ ഗൃഹനാഥനായ പൗലോസ്‌ ചേട്ടന്‍ ഇടപ്പെട്ടു. തനിക്കു ബുദ്ധിമുട്ടാവുമെന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു അത് കൊണ്ട് ഞാന്‍ തന്നെ ഇവന് താമസ സൗകര്യവും ചെറിയ ജോലിയുമൊക്കെ ശരിയാക്കി കൊടുത്ത് കൊള്ളാം നമ്മളെല്ലാം ഒരു കാലത്ത് ഇങ്ങനെ തന്നെ വന്നവരല്ലേ. ചേട്ടന് വേറെ പണിയില്ലേ വഴിയെ പോയ വയ്യാവേലി എടുത്തു തലയില്‍ വയ്ക്കാന്‍ എന്ന് പറഞ്ഞു ചന്ദ്രശേഖരന്‍ ചാടി തുള്ളി പോയി. ഇയാള്‍ വിഷമിക്കേണ്ട സന്ധ്യ കഴിയുമ്പോള്‍ നമുക്ക് ഒരു സ്ഥലം വരെ പോകാം അവിടെ തനിക്കു താമസിക്കുവാന്‍ ഇടം കിട്ടുമായിരിക്കും പൗലോസ്‌ ചേട്ടന്റെ ഭാര്യ അമ്മിണി ചേച്ചി ചായയുമായി വന്നു.

ചായ കുടിച്ചെന്നു വരുത്തി താന്‍ ആ വരാന്തയില്‍ തന്നെ കൂനി കൂടിയിരുന്നു. രാത്രി എട്ടു മണിയായപ്പോള്‍ പൗലോസ്‌ ചേട്ടന്‍ ഡ്രസ്സ്‌ മാറി വന്നു തന്നെ വിളിച്ചു. നമുക്ക് ഞാന്‍ നേരെത്തെ പറഞ്ഞ സ്ഥലത്ത് പോകാം അവിടെ തനിക്കു താമസ സൗകര്യം കിട്ടുമായിരിക്കും. പൗലോസ്‌ ചേട്ടനും താനും കൂടി ലോക്കല്‍ ട്രെയിന്‍ പിടിച്ചു ദീവയില്‍ ഇറങ്ങി. അന്ന് ദീവ കൊച്ചു സ്റ്റേഷന്‍ ആണ് പനവേലിനു പോകാന്‍ ട്രാക്ക് ഇടുന്നെയുള്ളൂ. ദീവ ജംഗ്ഷന്‍ എന്നാണു പേരെങ്കിലും ജംഗ്ഷന്റെ പോലിമയോന്നും ഇല്ല. ദീവ വെസ്റ്റ് ഇറങ്ങി ഒരു കിലോമീറ്റര്‍ ദൂരം പോയപ്പോള്‍ ആദ്യം കണ്ടത് ഒരു ശവകുടീരം ആണ് തുടര്‍ന്ന് കുറെ കൊച്ചു കൊച്ചു വീടുകളും. ശവകുടീരം ഒരു വര്‍ഷം മുന്‍പ് വധിക്കപ്പെട്ട ഒരു പ്രസിദ്ധ ദാദയുടെതാണ് എന്നും ദാദയുടെ ഭാര്യയെയാണ് കാണാന്‍ പോകുന്നതെന്നും പൗലോസ് ചേട്ടന്‍ പറഞ്ഞു തന്നു. അതില്‍ ഒരു വീട്ടില്‍ കയറി, വീടെന്നു പറയാമോ എങ്ങിനെയൊക്കെയോ രണ്ടു നിലയില്‍ തട്ടി കൂട്ടിയിരിക്കുന്നു. മുംബയിലെ ചേരികളുടെ ഉത്തമ ഉദാഹരണമാണവിടം, ആ വീട്ടിലാണ് നീണ്ട ഒന്‍പതു വര്‍ഷം താന്‍ താമസിച്ചത്. അതില്‍ ഒരു മുറിയുടെ മുന്‍പില്‍ നിന്ന് പൗലോസ്‌ ചേട്ടന്‍ നീട്ടി വിളിച്ചൂ ശാസ്തപ്പാ.....

റൂം തുറന്നു കറുത്തു മെലിഞ്ഞ് മുന്‍പോട്ടു ഒരു കൂനും മുള്ളന്‍ പീലി പോലെ മുടിയും ഉള്ളൊരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. കൈലി മുണ്ട് ഉടുത്തു തോളില്‍ മുഷിഞ്ഞു തോര്‍ത്തും വേഷം പ്രായം തന്റെയത്രയും തന്നെ. ഇത് ശാസ്തപ്പന്‍ കാണാന്‍ സുന്ദരനല്ലങ്കിലും മനസ് നിറയെ സൗന്ദര്യം ഉള്ള  പ്രിയ കൂട്ടുകാരന്‍ ജീവിതത്തില്‍ തനിക്കു ഏറ്റവും കടപ്പാടുള്ളവന്‍. തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയവന്‍. ഒന്‍പതു വര്‍ഷം തനിക്കു താങ്ങും തണലുമായിരുന്നവന്‍. പൗലോസ്‌ ചേട്ടന്‍ പറഞ്ഞു ശാസ്തപ്പാ തനിക്കു ഞാനൊരു കൂട്ട് കൊണ്ട് വന്നിരിക്കുന്നു നിന്നെ പോലെ തന്നെ ഒരു ഗതിയും പരഗതിയുമില്ലാതെ ബോംബയില്‍ വന്നുപ്പെട്ടവന്‍, ഇനി ഇവന്റെ കാര്യങ്ങളെല്ലാം നീ നോക്കണം. അത്യധികം സന്തോഷത്തോടെ ശാസ്തപ്പന്‍ തന്റെ കൈ കവര്‍ന്നെടുത്തു എന്നിട്ട് പറഞ്ഞു ഒരു നിമിഷം നില്‍ക്കണേ കഞ്ഞി വാങ്ങി വച്ചിട്ട് വരാം മേംസാബിനെ കാണാന്‍ ഞാനും വരാം.

വെളുത്തു മെലിഞ്ഞൊരു സാധു സ്ത്രീയായിരുന്നു ഷിഫാലി മേം ഒരു ദാദയുടെ ഭാര്യയാകാനുള്ള പത്രാസോന്നും അവര്‍ക്കില്ല.  പൗലോസ്‌ ചേട്ടന്‍ അവരോടു മറാത്തിയും ഹിന്ദിയും കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു അവര്‍ തന്നെ സൂഷിച്ചു നോക്കിയിട്ട് നാം എന്ന് ചോദിച്ചു ഗോപാലകൃഷ്ണന്‍ എന്ന് ഉത്തരം കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു മെയിന്‍ റൂം ബിസ്സിനെസ്സ് നഹി കര്‍ത്തി  ഹോണ്‍, തും യഹാന്‍ രാഷ് സഫ്കെ ഹോ ബസ്‌ നാംമാത്ര് കാ കിരയ ദേ ദേന. വാ പൊളിച്ചു നിന്ന തന്നോട് പച്ച മലയാളത്തില്‍ ശാസ്തപ്പന്‍ പറഞ്ഞു ഇപ്പോള്‍ ഒരു ഇരുപതു രൂപ മേംസാബിനു കൊടുത്ത് തൊഴുകുക പിന്നെ ജോലിയൊക്കെ കിട്ടിയിട്ട് വാടകയായിട്ടു കൊടുത്താല്‍ മതി. ഷിഫാലിയമ്മയ്ക്ക് ഇരുപത് രൂപ കൊടുത്ത് കാല്‍ തൊട്ടു വണങ്ങി തിരിച്ചു റൂമില്‍ വന്നു. അധികം താമസിയാതെ പൗലോസ്‌ ചേട്ടന്‍ യാത്ര പറഞ്ഞൂ. ദീവാ സ്റ്റേഷന്‍ വരെ താനും ശാസ്തപ്പനും കൂടെ ചെന്നു. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍  പൗലോസ്‌ ചേട്ടന്‍ തന്റെ കൈയ്യില്‍ പിടിച്ചൂ. ആ കൈയ്യിലേക്ക് രണ്ടു ചുടു കണ്ണീര്‍ കണങ്ങള്‍ മാത്രമേ അപ്പോള്‍ തനിക്കു നല്‍കാന്‍ ഉണ്ടായിരുന്നൊള്ളൂ. ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു അന്ന് ദീവായിലെ ജീവിതം തുടങ്ങുവാന്‍ തന്റെ കൈയ്യില്‍ ബാക്കിയുണ്ടായിരുന്നത് മുപ്പത്താറ് രൂപ നാല്‍പ്പതു പൈസ ഇന്നത്തെ സമ്പല്‍ സമൃദ്ധിയുടെ മൂലധനം. അന്ന് രാത്രി ഇരുപതു രൂപ കൊടുത്ത് റൂമില്‍ താമസമാക്കിയത് ജീവിതത്തിലെ മറ്റൊരു വഴിത്തിരുവായിരുന്നു.

അദ്ധ്യായം മൂന്ന് - ഉയര്‍ത്തെഴുന്നെല്‍പ്പ് 
*****************************************
മനുഷ്യാണാം സഹസ്രേഷു ദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മം വേത്തി തത്ത്വത:
(അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാന സിദ്ധിക്കായി യത്നിക്കുനോള്ളൂ
അതില്‍ തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ അറിയുന്നോള്ളൂ)
ശ്രീമദ് ഭഗവത്ഗീത സപ്തമോദ്ധ്യായ ജ്ഞാന വിജ്ഞാന യോഗം


മറ്റന്നളാണ് ഇന്റര്‍വ്യൂ അക്ബാനി സാബ്‌ ലീവ് തരുമോ ഏതായാലും മുട്ടി നോക്കാം. സിന്ധി സഹോദരമ്മാരില്‍ മൂത്തവനും കമ്പനി എംഡിയുമായ അക്ബാനി സാബിന്റെ മൂഡ്‌ രാവിലെ നല്ലതായിരുന്നു എക്സ്പ്പര്‍ട്ട് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറെ നഷടപ്പെടുമോ എന്ന്‌ കളിവാക്ക് പറഞ്ഞു കൊണ്ട് ലീവ് തന്നു.

താജ് ഹോട്ടല്‍, ഇത്രയും നാള്‍ നോക്കി നിന്ന് കൊതിച്ചിട്ടെയുള്ളൂ ഇന്ന് അതിലേക്ക് കയറാനുള്ള അവസരം. ഉള്ളതില്‍ ഏറ്റവും നല്ല പാന്റും ഷര്‍ട്ടും ധരിച്ച് ഇന്‍സെര്‍ട് ചെയ്തു പൌഡറും പൂശി കണ്ണാടിയില്‍ നോക്കിയപ്പോള്‍ മോശമില്ല എന്ന് തോന്നി. അടുത്ത ഫാസ്റ്റ് ട്രെയിനില്‍ വീറ്റിയില്‍, ടാക്സി പിടിച്ച് അപ്പോള ബന്തരില്‍. റിസപ്ഷനില്‍ ചെന്ന് ചോദിച്ചപ്പോള്‍ തന്നെ മിത്സുബഷിയുടെ പ്രതിനിധി ആറാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിലേക്ക് കൂട്ടി കൊണ്ട്പോയി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇരുനൂറോളം പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട്. മിക്കവാറും ഭെല്‍ തുടങ്ങിയ വന്‍കിട കമ്പനികളില്‍ നിന്ന്. തന്നെ പോലെ ബോംബയിലെ ചെറിയ  ഫേമുകളില്‍ നിന്ന് വന്നവര്‍ കുറച്ചു മാത്രം. കൃത്യം ഒന്‍പതു മണിയ്ക്ക് തന്നെ എല്ലാവരെയും സീറ്റില്‍ ഇരുത്തി ചോദ്യ പേപ്പര്‍ തന്നു. അമ്പതു ചോദ്യങ്ങള്‍ എല്ലാം ബേസിക് എഞ്ചിനീയറിംഗ് ഒബ്ജക്ടിവാണ് അര മണിക്കൂര്‍ ഉണ്ടങ്കിലും താന്‍ പത്തു മിനിറ്റ് കൊണ്ട് തന്നെ എല്ലാത്തിനും ഉത്തരം ടിക്ക് ചെയ്തു കൊടുത്തു. ടീം ലീഡര്‍ എന്നു തോന്നിച്ചയാള്‍ തന്റെ ഉത്തര പേപ്പറിനു മുകളില്‍ സ്ലോട്ട് ഉള്ള ഷീറ്റ് വച്ച് രണ്ടു മിനിട്ടിനുള്ളില്‍ തന്നെ മാര്‍ക്ക്‌ ഇട്ട്‌ തന്നെ സൂക്ഷിച്ചു നോക്കി. ഉത്തര പേപ്പറും കൊണ്ട് വേറൊരു മുറിയിലേക്ക് കയറിയ ലീഡര്‍ ഉടന്‍ തന്നെ ഇറങ്ങി വന്നു തന്നെ വിളിച്ചു. ആ മുറിയില്‍ വച്ച് വേറെ ഒരു റിട്ടണ്‍ ടെസ്റ്റ്‌ അങ്ങനെ ഏഴു മുറികളില്‍ കയറി ഇറങ്ങി കഴിഞ്ഞപ്പോള്‍ കുറച്ചു നേരം റസ്റ്റ്‌. ഏതാണ്ട് മൂന്നു മണിക്കൂറിനുള്ളില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ബാക്കി പതിനാല് ഉദ്യോഗാര്‍ഥികള്‍ മാത്രം, മറ്റുള്ളവരല്ലം ഓരോ സ്റ്റേജിലായി ഔട്ട്‌ ആയിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആറു പേര്‍, ഏഴു മുറികളില്‍ കയറി ഇറങ്ങുന്നതിനിടയ്ക്ക് ടീം ലീഡര്‍ കെന്‍ കൊബയഷിയുമായി പരിചയത്തിലായി. പുള്ളിക്കാരന്‍ മിത്സുബഷിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷന്റെ അസോസിയെറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ്. തന്റെ പെര്‍ഫോര്‍മന്‍സ് പുള്ളിക്കാരന് നന്നായി പിടിച്ചിരിക്കുന്നു. എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ പോലും ആന്‍സര്‍ ചെയ്യാത്ത ചോദ്യങ്ങള്‍ക്കും താന്‍ ശരി ഉത്തരം നല്‍കിയത്രെ. അപ്ലിക്കേഷനില്‍ ചേര്‍ക്കാത്ത എന്തെങ്കിലും യോഗ്യത തനിക്കുണ്ടോയെന്നു അദ്ദേഹം ആരാഞ്ഞു. കണ്ണീരിന്റെ, വിശപ്പിന്റെ, സിരോല്‍സാഹത്തിന്റെ, അര്‍പ്പണ ബോധത്തിന്റെ, കഠിനാദ്ധ്വനത്തിന്റെ അധിക യോഗ്യതയുണ്ടെന്ന് താന്‍ പറഞ്ഞു. ഉടന്‍ തന്നെ ബോര്‍ഡിലെ ഹ്യുമണ്‍ റീസോഷ്സസ് പ്രതിനിധി എഴുന്നേറ്റ് കൈ തന്നു കൊണ്ട് പറഞ്ഞു യു ആര്‍ സെലക്റ്റഡ്. നാളെ തന്നെ എജന്‍സി ഓഫീസില്‍ ചെന്ന് മെഡിക്കല്‍ ടെസ്റ്റ്‌ നടത്തി ഫിറ്റാണങ്കില്‍ ഒരാഴ്ച്ചയ്കകം തങ്ങളുടെ പ്രസ്റ്റീജിയസ് കോര്‍പോറെഷനില്‍ ജോയിന്‍ ചെയ്യാനുള്ള തയാറെടുപ്പ് ചെയ്യാനും പറഞ്ഞു യാത്രയാക്കി. തന്റെ ജീവിതത്തിലെ അടുത്ത വ്യതിചലനത്തിന്റെ ആരംഭം അവിടെ വച്ച് നടന്നു.

ഐക്ക എപ്പോഴും ഉച്ചരിക്കുന്നൊരു വാക്കാണ്‌ ഉന്മേ, വിധിയെന്നാണ് മലയാളത്തില്‍ അര്‍ഥം. വിവാഹിതരാകാന്‍ തിരുമാനിച്ചപ്പോള്‍ ഐക്ക പറഞ്ഞത് ഒരു പ്രസിദ്ധ ജാപ്പനിസ് ഉദ്ധരണിയുടെ ഇംഗ്ലിഷ് പരിഭാഷയാണ് "ഔര്‍ ഫെറ്റസ് ആര്‍ ആസ് രജിസ്റ്റേര്‍ഡ് ബൈ ഹെവന്‍". സ്വര്‍ഗത്തിലാണോ നരകത്തിലാണോ നമ്മുടെ വിധി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇന്നോളം തനിക്കു മനസ്സിലയിട്ടില്ലല്ലോ. വിധി ചില കോമാളി വേഷം തന്നു നമ്മെ പറ്റിക്കുന്നു. പത്താം ക്ലാസ്സില്‍ പഠിച്ച ഉള്ളൂരിന്റെ പ്രേമസംഗീതത്തിലെ വരികള്‍ ഓര്‍മ്മ വരുന്നു “പ്രഭോ മ: ജീവന നായക നടേശ പരമാത്മ നരാക്യമെന്ന നര്‍ത്തകുലത്തില്‍ ഞാനുമൊരു അല്‍പ്പഗം വേഷമിതെന്തു വിധിപ്പതു ഭവ ചിത്തം. അരങ്ങുലക്കാന്‍ അരജനാകാം അതിനു കൊഴുപ്പേറാന്‍ അനുചരനാകാം ഉടയാടകളല്ല അഭിനയം അത് സിദ്ധം”.

ഐ എന്ന ജപ്പാന്‍ വാക്കിന്റെ അര്‍ഥം സ്നേഹം എന്നാണ് ഐക്ക എന്നാല്‍ സ്നേഹമുള്ളവള്‍. ജപ്പാനിലെ വിദുര ഗ്രാമമായ ചിഹയാ കസാകയില്‍ ജനിച്ച വളര്‍ന്ന ഐക്ക തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് അവള്‍ എപ്പോഴും പറയുന്ന ഉന്മേ തന്നെയായിരിക്കും. 1993 ഡിസംബര്‍ പതിനാലാം തീയതിയിലെ തണുത്ത പ്രഭാതത്തില്‍ നരീറ്റ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നണയുമ്പോള്‍ ലോഞ്ചില്‍ തന്നെ കാത്ത് ഗോപാല്‍ കൃഷ് വെല്‍ക്കം ടൂ മിത്സുബഷി, നിപ്പോണ്‍ എന്ന ബോര്‍ഡുമായി അവള്‍ കാത്ത് നിന്നിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് ട്രാന്‍സിറ്റ് ഹൗസ് വരെ അവള്‍ നിര്‍ത്താതെ സംസാരിച്ചിരുന്നു ഒന്നും തനിക്ക് മനസ്സിലായില്ല എന്ന് മാത്രം. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെയിരുന്നപ്പോള്‍ സഹികെട്ട് അവള്‍ ചോദിച്ചൂ നായര്‍സാന്‍ ദോ യു നോ നായര്‍സാന്‍. മലയാളികള്‍ മറന്ന ധീര വിപ്ലവകാരി അയ്യപ്പന്‍ പിള്ള മഹാദേവന്‍ നായര്‍ എന്ന നായര്‍സാനെ കുറിച്ച് അന്ന് ഒന്നുമറിയാതിരുന്നതിനാല്‍ അതിനും മൌനം പാലിച്ചു. മൂന്ന് വര്‍ഷം മുന്‍പ് മരിച്ച നായര്‍ സാന്‍ അന്ന് നിപ്പോണ്‍കാരുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായിരുന്നു. 1984 നവംബറില്‍ ഹിരോഹിത ചക്രവര്‍ത്തി ഓര്‍ഡര്‍ ഓഫ് ദി  സെക്രട്റ്റ് ട്രഷര്‍ നല്‍കിയ (ജപ്പാന്‍ ഭാഷയില്‍ ഷുഹ ഷോ) നായര്‍ സാന്‍ 1990 ഏപ്രില്‍ ഇരുപത്തി രണ്ടാം തിയതി അന്തരിച്ചപ്പോള്‍ നിപ്പോണില്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. എന്ത് പറഞ്ഞിട്ടും മറുപടി പറയാതിരുന്ന താന്‍ ഏതോ കാട്ടു ജാതിക്കാരനാണന്നു കരുതി ജപ്പാനില്‍ എന്തോ പിറുപിറുത്തു അവള്‍ മിണ്ടാതെയിരുന്നു പിന്നെ അത് പറഞ്ഞു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. കേരളത്തില്‍ ജനിച്ചു സുഭാഷ് ചന്ദ്ര ബോസ്, രാഷ് ബിഹാരി ബോസ് എന്നിവരോടൊപ്പം ഐ എന്‍ എ വഴി ജപ്പാനില്‍ ചെന്ന് ജാപ്പനിസ് പെണ്ണിനെ വിവാഹം കഴിച്ചു ജപ്പാന്റെ മരുമകനായി തീര്‍ന്ന നായര്‍സാന്റെ പാത പിന്തുടര്‍ന്നവനാണല്ലോ താന്‍ എന്നതായിരുന്നു ചിരിയുടെ ഹേതു. കഴിഞ്ഞ മാസം ഐക്ക സന്തോഷത്തോടെ തന്നോട് പറഞ്ഞു നിങ്ങളുടെ നാട്ടിലെ മോഹന്‍ ലാല്‍  നായര്‍സാനായി അഭിനയിക്കാന്‍ പോകുന്നു കൂടെ ജാക്കിചാനുമുണ്ട്.

 അദ്ധ്യായം നാല് - ഉദയ സൂര്യന്‍
*********************************
വിബുധപതിയോടു നിശചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളൂവാന്‍
അഹമിഹമികാദിയ പാവകജ്വാലകള്‍
അമ്പരത്തോളമുയര്‍ന്നു ചെന്നുമുദാ
ഭുവനതലഗതവിമല ദിവ്യരത്നങ്ങളാല്‍
ഭൂതിപരിപൂര്‍ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതിപരിപൂര്‍ണമായ് വന്നിതത്ഭുതം
(ലങ്കാദഹനം - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

1945 ഓഗസ്റ്റ്‌ 6 തിങ്കളാഴ്ച പ്രഭാതം ഹിരോഷിമയിലെ ജനങ്ങള്‍ എഴുന്നേറ്റു ദിനചര്യകള്‍ തുടങ്ങി പെട്ടന്ന് രണ്ടു പോര്‍ വിമാനങ്ങള്‍ പറന്നടുത്തു. അപായ സൈറണ്‍ മുഴങ്ങി പേടിച്ചരണ്ട ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലൊളിച്ചു. അധികം താമസിയാതെ അപകടം ഒഴിവായി എന്ന റിസ്യും സൈറണ്‍ കേട്ടവര്‍ പുറത്തിറങ്ങി.

കുറച്ചു സമയത്തിനുള്ളില്‍ ഒരു ചെറു വിമാനം ഒറ്റയ്ക്ക് വരുന്നു ഇക്കുറി അപായ സൈറണ്‍ മുഴങ്ങിയില്ല. സമയം 8.15 ഇനോളഗേ എന്ന ആ വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു താഴേക്ക്‌ വീണു ഭൂമിയില്‍ നിന്ന് 2000 അടി ഉയരത്തില്‍ പൊട്ടിത്തെറിച്ചു. മഹാ വിസ്ഫോടനം! ആ ശക്തി കണ്ടു ഇനോളഗേയുടെ പൈലറ്റ്‌ പോള്‍ ടിബെറ്റ് പോലും ഞെട്ടി തരിച്ചു പോയി. യുദ്ധമുന്നണിയില്‍ ഉപയോഗിച്ച ആദ്യ അണു ബോംബായ ലിറ്റില്‍ ബോയ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പതിമൂന്നു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സകലതിനെയും നാമാവശേഷമാക്കി. അഗ്നി പ്രളയം കൂണിന്റെ ആകൃതിയില്‍ പതിനായിരം അടി മേല്‍പ്പോട്ടു പൊങ്ങി സംഭവിച്ചത് എന്തെന്ന് അറിയുന്നതിന് മുന്‍പ് അറുപതിനായിരത്തോളം ആളുകള്‍ മരിച്ചു വീണു. അണു വികരണം ഏറ്റു അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തോളം പേര്‍ മരിച്ചു. അന്നേ വരെ പ്രയോഗിച്ച ഏതൊരു ബോംബിനെക്കാളും 2000 മടങ്ങ്‌ ശേഷിയുള്ളതായിരുന്നു ആ കൊച്ചുകുട്ടി. രണ്ടു ദിവസത്തിനുള്ളില്‍ ഫാറ്റ് മാന്‍ എന്ന അണുബോംബ്‌ നാഗസാക്കിയിലും  അമേരിക്ക ഇട്ടു, കൊല്ലപ്പെട്ടവരുടെ എണ്ണം 70000.

ജാപ്പനിസ് ഭാഷയില്‍ നിപ്പോണ്‍ എന്നാണ് ജപ്പാന്റെ പേര് സൂര്യന്‍ ഉദിക്കുന്ന നാട് എന്നാണീ വാക്കിന്റെ അര്‍ഥം, അങ്ങിനെയാണ് ജപ്പാന് ഉദയ സൂര്യന്റെ നാട് എന്ന പേര് കിട്ടിയത്. നാലായിരത്തോളം ദ്വീപുകളുടെ കൂട്ടമാണ്‌ ജപ്പാന്‍ ഹോണ്‍ഷ്യൂ, ഹോകൈഡോ, ഷിക്കൊകൂ, ക്യുഷൂ എന്നിവയാണ് പ്രധാന ദീപുകള്‍. ഏറ്റവും വലിയ ദ്വീപായ ഹോണ്‍ഷ്യൂവിലാണ് ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയരമുള്ള മൌണ്ട് ഫുജി, നീളമുള്ള നദിയായ ഷിനാനോ, വലിയ തടാകമായ ബീവ, വലിയ സമതലമായ കാന്റോ എന്നിവയും ഹോണ്‍ഷ്യൂവില്‍ തന്നെ. കാന്റോവിലാണ് തലസ്ഥാനമായ ടോക്കിയോ, ഒസാക്ക യോക്കോഹാമ നഗോയ സപോറോ കാവസാക്കി തുടങ്ങിയവയാണ് മറ്റു പട്ടണങ്ങള്‍.

രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തോടെ ഇനിയൊരിക്കലും ജപ്പാന് സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലെത്താന്‍ കഴിയില്ലന്നു കരുതിയിരുന്നവരെ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടന്നത്. അമേരിക്കയുടെ നിര്‍ലോഭമായ പിന്തുണ കിട്ടിയിരുന്നെങ്കിലും ജപ്പാനിലെ ജനങ്ങളുടെ സ്വസിദ്ധമായ കഠിനാദ്ധ്വാനവും ഉത്സാഹവുമാണ് ആ നേട്ടം സാധ്യമാക്കിയത്. അത് കൊണ്ട് തന്നെയായിരിക്കും ഇന്റര്‍വ്യൂവിലെ അവസാനത്തെ ഉത്തരം മിത്സുബഷിയിലേക്കുള്ള തന്റെ പ്രവേശനം എളുപ്പമാക്കിയത്. നരീറ്റ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു മണികൂര്‍ എടുത്തു ചിയോടകൂവിലെ നരിനോച്ചി പാര്‍ക്കിലെ മിത്സുബഷി ട്രാന്‍സിറ്റ് ഹൗസ്സിലെത്താന്‍. രാജകീയ സ്വീകരണമാണ് തനിക്കവിടെ ഒരുക്കിയിരുന്നത് ബോംബയിലെ ചേരി പ്രദേശത്ത്‌ ഒന്‍പതു വര്‍ഷം പട്ടിയെ (സ്ലം ഡോഗ്) പോലെ ജീവിച്ച താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.

എണ്‍പതിനായിരം ജോലിക്കാരും നാല്‍പ്പതിനായിരം കോടി ഡോളര്‍ വിറ്റുവരവുമുള്ള എം എച് ഐ എന്ന മിത്സുബഷി ഹൈവി എഞ്ചിനീയറിംഗ് കോര്‍പോറെഷന്റെ ഉപമേധാവിയായ ടോക്കുഗാവ തന്നെയാണ് സ്വീകരിക്കുവാന്‍ വന്നത്. രണ്ടു ദിവസം കൊണ്ട് മിത്സുബഷിയുടെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളും കാണിച്ചു തന്നു. മൂന്നാം ദിവസം ടോക്കിയോവില്‍ നിന്ന് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള മിന്റോ എന്ന തുറമുഖ നഗരത്തിലേക്ക് യാത്രയായി. അവിടെയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷന്റെ ഓഫീസ് കൂടെ തന്റെ പേര്‍സണല്‍ അസിസ്ന്റായി നിയമിതയായ ഐക്കയും.

അദ്ധ്യായം അഞ്ച് - നഷ്ട സ്വപ്‌നങ്ങള്‍
*****************************************
പൂര്‍വ്വം യത്ര സമം ത്വയാ രതിപതേ സാദിത: സിദ്ധയ:
തസ്മിന്നേവ നികുഞ്ജമന്മഥ മഹാ തീര്‍ത്ഥ പുനര്‍മാധവ:
ധ്യായം സ്ത്വമനിശം ജപന്നപി  തവൈ വാലാപമന്ത്രാവലിം
ഭുയസ്ത്വല്‍ കുജകുംഭ നിര്‍ഭര പരിരംഭാമൃതം വാഞ്ചദി 
 (ജയദേവ വിരചിതം ഗീത ഗോവിന്ദം)

ഒഫീഷ്യല്‍ ഫോര്‍മാലിറ്റീസ് എല്ലാം തീര്‍ത്തപ്പോഴേക്കും വൈകുന്നേരം മൂന്നര, ഒരാഴ്ചയായി ഇത് തന്നെയായിരുന്നു അസൈഗ്മന്റ്. ആദ്യം തന്നെ മെട്രോ റെയില്‍വേ പ്രൊജക്റ്റിന് വേണ്ടിയുള്ള ലെറ്റര്‍ ഓഫ് ഇന്റെന്റ് താന്‍ എംഡിയ്ക്ക് കൊടുത്തു. ആദ്യ ദിവസം എല്ലാവരും തമ്മില്‍ തമ്മില്‍ പരിചയപ്പെടല്‍ രണ്ടാം നാള്‍ ഡി എഫ് ആര്‍ (ഡീറ്റയില്‍ഡ് ഫീസബിലിറ്റി റിപ്പോര്‍ട്ട്‌) ചെക്കിംഗ്. മൂന്നാം നാള്‍ ഇ ഐ ആര്‍ (എനവിയോര്‍മെന്റല്‍ ഇമ്പാക്റ്റ് റിപ്പോര്‍ട്ട്‌) ചെക്കിംഗ് നാലാം നാള്‍ ഹസോപ് (ഹസാര്‍ഡ്‌ ഓപ്പറബിലിറ്റി)  സ്റ്റഡി റിപ്പോര്‍ട്ട്‌ ചെക്കിംഗ്. അഞ്ചാം നാള്‍ എഫ് ഇ ഇ (ഫ്രന്റ് ഏന്‍ഡ് എഞ്ചിനീയറിംഗ്) റിപ്പോര്‍ട്ട്‌ ചെക്കിംഗ് ആറാം നാള്‍ പ്രോകുര്‍മെന്റ് അനാലിസിസ്.  ഏഴാം നാള്‍ പ്രൊജക്റ്റ്‌ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ പ്രൊജക്റ്റ്‌ എക്സിക്യുഷന്‍ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. അതിനു ശേഷം ഇന്ത്യ ഗവണ്‍ട്മെന്റിനു വേണ്ടി പ്രൊജക്റ്റ്‌ എംഡിയും മിസ്ത്സുബഷി ഹെവി എഞ്ചിനീയറിംഗ്  കോര്‍പോറെഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ്‌ ഡിവിഷനു വേണ്ടി താനും എല്‍ എസ് ടീ കെ (ലംസം ടേണ്‍ കീ) കോണ്ട്രാക്റ്റ് രേഖകള്‍ ഒപ്പുവച്ചു.

പ്രൊജക്റ്റ്‌ കാല വിളംബം വരുത്തുന്ന യാതൊരു നടപടിയും ഭരണതലത്തിലോ തദ്ദേശവാസികളില്‍ നിന്നോ ഉണ്ടാവില്ല എന്ന് കോണ്ട്രാക്റ്റില്‍ പ്രത്യേകം എഴുതി ചേര്‍ത്തിരുന്നു. 2012 നവംബര്‍ പതിമൂന്നാം തീയതി ഇന്ത്യന്‍ പ്രധാനമന്ത്രി മറൈന്‍ ഡ്രൈവില്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കും എന്നും കലൂരില്‍ നിന്ന് ആലുവായിലേക്കും തൃപ്പൂണിത്തുറയിലേക്കും ഒരേ സമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും 2014 തിരുവോണ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി കൊച്ചി മെട്രോ റെയില്‍വേ രാഷ്ട്രത്തിനു സമര്‍പ്പിക്കുമെന്നും ബൈ പാര്‍ട്ടി എഗ്രിമെന്റ് സൈന്‍ ചെയ്തു ഒഫീഷ്യല്‍ ഫോര്‍മാലിറ്റീസ് കമ്പ്ലീറ്റ്‌ ചെയ്തു.

അച്ഛന്റെ മദ്യപാന ശീലം മൂലം ഒരു കുടുംബം തന്നെ ഇല്ലാതായതിനാല്‍  ചെറുപ്പത്തിലെ തന്നെ മദ്യപിക്കില്ലന്ന പ്രതിജ്ഞ എടുത്തിരുന്നത് അറിയാമായിരുന്ന കോര്‍പോറെഷന്‍ കോക്ക് ടൈല്‍ പാര്‍ട്ടികളില്‍  നിന്ന് തനിക്കു ഇളവു തന്നിരുന്നു. ഒരാഴച്ചത്തെ തിരക്ക് കഴിഞ്ഞു പ്രൊജക്റ്റ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വല്ലാത്ത ശുന്യത, ഇനി ഒരു മൂന്നു ദിവസം കൂടിയേ കേരളത്തില്‍ കാണൂ  പിന്നെ ഒക്ടോബര്‍ അവസാനം വന്നാല്‍ മതി. പെട്ടെന്ന് ഒരു ചിന്ത മുപ്പത്തടത്തിലേക്ക് ഒന്ന് പോയാലോ ഡ്രൈവറോട് അങ്ങോട്ട്‌ വിടുവാന്‍ പറഞ്ഞു. വെല്‍ ഫര്‍ണിഷഡ് പുതുപുത്തന്‍ ടയോട്ടയാണ് തനിക്കായി കോര്‍പോറെഷന്‍ ജപ്പാനില്‍ നിന്ന് കൊണ്ടുവന്നിരുന്നത്. കാരവനില്‍ വച്ചുതന്നെ ഡ്രസ്സ്‌മാറി മുണ്ടും ഷര്‍ട്ടുമണിഞ്ഞു. ഇടയാര്‍ കഴിഞ്ഞപ്പോള്‍ തന്നെ വണ്ടി ഒതുക്കിയിട്ടു വെയിറ്റ് ചെയ്യുവാന്‍ പറഞ്ഞു മുപ്പത്തടത്തിലേക്ക് നടന്നു. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച നാട്ടിലേക്ക് ആരുമറിയാതെ തിരിച്ചു വരവ്. ജംഗ്ഷനിലെ കടയില്‍ കയറി സുകുമാരന്‍ നായരേ കുറിച്ച് അന്വേഷിച്ചു, പുള്ളിക്കാരനും ഭാര്യയും മരിച്ചു പോയി വീട്ടില്‍ ഇപ്പോള്‍ മകളും ഭര്‍ത്താവും മക്കളും താമസിക്കുന്നുണ്ട് എന്നറിഞ്ഞു. ആരാണന്നു ചോദിച്ചവരോട് കോട്ടയത്തുള്ള ബന്ധുവാണ് എറണാകുളത്ത് വന്നപ്പോള്‍ കണ്ടിട്ട് പോകാമെന്ന് കരുതിയെന്ന് പറഞ്ഞു. വീട് ശരിയ്ക്കറിയാത്തത് കൊണ്ട് ആരെങ്കിലും കൂടെ വരുമോ എന്ന് ചോദിച്ചു.

അംബികേച്ചി കോട്ടയത്ത് നിന്ന് ഒരു ബന്ധു വന്നിരിക്കുന്നു എന്ന് വഴികാട്ടി ചെന്ന് പറഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്ക ഇറങ്ങിവന്നു. മനസ്സില്‍ നനുത്ത നോവ്‌ ഇവള്‍ തന്റെ ബാല്യകാല സഖി അംബിക, മുഖം കണ്ടാലറിയാം പ്രാരാബ്ധം നിറഞ്ഞതാണ്‌ ജീവിതമെന്ന്. പക്ഷെ ആ നീല മിഴികളിലെ തിളക്കം ഇനിയും പോയിട്ടില്ല. ആരാണ് എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് മറുപടി പറയാതെ നിന്നു, എന്ത് പറയാന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ആ മുഖം തെളിഞ്ഞു എന്നിട്ട് പതുക്കെ പറഞ്ഞു ഗോപിയേട്ടന്‍ അല്ലെ. ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കാന്‍ കൊതിച്ചവരാണ് തങ്ങള്‍ ഇപ്പോള്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഈ സന്ധ്യയില്‍ കാണുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചമര്‍ത്തി ഇടറുന്ന സ്വരത്തോടെ അംബിക പറഞ്ഞു കയറി ഇരിക്കൂ.

വഴികാട്ടിയെ പറഞ്ഞുവിട്ടു ഇറയത്തെക്കു കയറിയപ്പോള്‍ ഉള്ളതില്‍ നല്ലൊരു കസേര നീക്കിയിട്ട ശേഷം അകത്തേയ്ക്ക് നോക്കിയവള്‍ പറഞ്ഞു രമ്യേ കോട്ടയത്ത് നിന്നൊരു മാമന്‍ വന്നിരിക്കുന്നു ചായ കൂട്ടിയ്ക്കോ. കുറെ നേരം നോക്കിനിന്ന ശേഷം ചോദിച്ചു ഇപ്പൊ എവിട്യാ ഇത്ര നാളും വരഞ്ഞതെന്തേ. സത്യം പറഞ്ഞില്ല മുംബയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വരാന്‍ പറ്റിയില്ല എന്ന് മാത്രം പറഞ്ഞു. വാതലിനു മറവിലൂടെ ഒരു മുഖം കണ്ടു പഴയ അംബിക തന്നെ മകള്‍ രമ്യയായിരിക്കും ഇപ്പോള്‍ വരാമെന്ന് പറഞ്ഞു അംബിക അകത്തേയ്ക്ക് പോയി. പഴയ വീട് തന്നെ പക്ഷെ കാലം ക്ഷതമെല്‍പ്പിച്ചിരിക്കുന്നു ഇറയത്തുനിന്നു പോര്‍ട്ടിക്കൊയിലേക്ക് കയറാനുള്ള വാതില്‍ മാത്രം മാറ്റിയിരിക്കുന്നു സുരക്ഷയ്ക്ക് വേണ്ടിയായിരിക്കാം. ഈ പോര്‍ട്ടിക്കൊ ആയിരുന്നല്ലോ അന്ന് തങ്ങളുടെ സാമ്രാജ്യം, സ്വപ്‌നങ്ങള്‍ മുഴുവന്‍ പങ്കുവച്ചത് ഇവിടെ വച്ചായിരുന്നല്ലോ. ബിയെസി സെക്കന്റ്‌ ഇയര്‍ പഠിക്കുമ്പോള്‍ ഇവിടെയിരുന്നാണ് താന്‍ റേഡിയോ സ്റ്റേഷന്‍ ഉണ്ടാക്കി ചുറ്റുമുള്ള വീടുകളിലെ റേഡിയോകളിലേക്ക് സിഗ്നല്‍ അയച്ചത്. എന്തായിരുന്നു അന്ന് ആ പതിനെട്ടുകാരിയുടെ തുള്ളിച്ചാട്ടം.

ചായയും ഒരു പ്ലേറ്റില്‍ മിക്സ്ച്ചറുമായി അംബികയും രമ്യയും വന്നു തന്റെ ഇഷ്ടങ്ങള്‍ അംബിക ഇതുവരെ മറന്നിട്ടില്ല അന്ന് തന്റെ വീക്നെസ് ആയിരുന്നു മിക്സ്ച്ചര്‍. അന്നൊക്കെ അവള്‍ പറയും ചേട്ടന്‍ പഠിച്ചു വലിയ ജോലിയൊക്കെ കിട്ടുമ്പോള്‍ കീഴ് ജീവനക്കാര്‍ എന്തങ്കിലും കാര്യം സാധിക്കാനായി ഒരു കവര്‍ മിക്സ്ച്ചറും കൊണ്ട് വരും എന്ന്. തനിക്ക് ബി പിയുണ്ടെന്നും മിക്സ്ച്ചര്‍ കഴിക്കുവാന്‍ പറ്റില്ല അത് പോലെ പ്രമേഹം ഉള്ളത് കൊണ്ട് ചായ വിത്ത്‌ ഔട്ട്‌ മതിയെന്നും പറഞ്ഞപ്പോള്‍ അവള്‍ അത്ഭുതത്തോടെ നോക്കി. ചായയില്‍ എന്തോരും പഞ്ചസാരയിട്ടാലും മതിയാകാത്തവനായിരുന്നല്ലോ താന്‍. അവള്‍ക്കിപ്പോഴും താനൊരു ഇരുപതുകാരനായിരിക്കും പക്ഷെ അമ്പതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന ഒരു മധ്യവസ്ക്കനായിയെന്ന സത്യം മറക്കാമോ. ഉടന്‍ തന്നെ രമ്യ അകത്തുപോയി വേറൊരു ഗ്ലാസ്‌ ചായ കൊണ്ടുവന്നു. അംബികയ്ക്ക്  രണ്ടു മക്കള്‍ മൂത്തവന്‍ പീ ജി കഴിഞ്ഞു എച് ഡി എഫ് സി ബാങ്കില്‍ ജോയിന്‍ ചെയ്തു ഇളയവള്‍ രമ്യ ഡിഗ്രി അവസാന വര്‍ഷം. ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖം മങ്ങി മകളുടെ മുഖത്തേയ്ക്ക് നോക്കി. അത് മനസ്സിലാക്കി രമ്യ പറഞ്ഞു അച്ഛന് അലുമിനിയം കമ്പനിയിലായിരുന്നു ജോലി അവിടെ ഇപ്പോള്‍ മൊത്തം പ്രശനങ്ങളാണ് അതുകൊണ്ട് വി ആര്‍ എസ് എടുത്തു. തന്നെ പറ്റി ചോദിച്ചപ്പോള്‍ കുറച്ചു നുണകള്‍ തട്ടി വിട്ടു അവിശ്വസനീയമായ സത്യങ്ങളായിരുന്നല്ലോ തന്റെ ജീവിതം, ഇനിയും വരാമെന്ന് പറഞ്ഞ് യാത്രയായി. പുറത്തിറങ്ങി കുറച്ചു നേരം കിഴക്കോട്ടു നോക്കി നിന്നു അത് മനസ്സിലാക്കിയ അംബിക പറഞ്ഞു അവിടെ ഇപ്പോള്‍ യൂ സി കോളേജിലെ  ഒരു പ്രഫസറാ പഴയ വീട് പൊളിച്ചു കളഞ്ഞു. ഇനി അവിടെ നില്‍ക്കാന്‍ ത്രാണിയില്ലാതെ വേച്ചു വേച്ച് വഴിയിലേക്കിറങ്ങി പുറകില്‍ അംബിക വിങ്ങി കരയുന്നത് കേട്ടില്ലാന്നു നടിച്ചു.

കാലുകള്‍ വേയ്ക്കുന്നുണ്ട് എത്രയും പെട്ടന്ന് ഇടയാറിലെത്തി വണ്ടിയില്‍ കയറിയാല്‍ മതിയായിരുന്നു. മാമനെ തനിയെ വിടണ്ടാന്നു അമ്മ പറഞ്ഞു ബസ്‌ സ്റ്റോപ്പ്‌ വരെ ഞാനും വരാം രമ്യ ഓടി വന്നു. എനിക്കല്ലാം അറിയാം അച്ഛന്‍ അടുത്ത കാലം വരെ മദ്യപിച്ചു വന്നു മാമന്റെ പേര് പറഞ്ഞ് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ചേട്ടന് ജോലി കിട്ടിയതിനു ശേഷം ചേട്ടനും ഞാനും കൂടി ഇങ്ങനെയണങ്കില്‍ വീട്ടില്‍ വരണ്ടാന്നു പറഞ്ഞു. കുറെ നാള്‍ വരാതിരുന്നു ഇപ്പോള്‍ രാത്രിയാകുമ്പോള്‍ വന്നു തുടങ്ങി. ചേട്ടനെയും നാട്ടുകാരെയും പേടിച്ച് വഴക്കും ഉപദ്രവവും നിര്‍ത്തി. പക്ഷെ രാവിലെ തന്നെ എഴുന്നേറ്റു പോകും പിന്നെ കൂട്ടുകാരോടൊന്നിച്ചു ഏതങ്കിലും ബാറില്‍ രാത്രി വരെ. മാമനും മറ്റവരെ പോലെ തന്നെ അത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്‌  ജീവിച്ചിരിക്കുന്നുണ്ടല്ലോ ഭാഗ്യം. സന്ധ്യയായില്ലേ മോള് ഇനിയും തിരിച്ചു പൊക്കോ മാമന്‍ ഏതെങ്കിലും ഓട്ടോയില്‍ കയറി പൊയ്ക്കോളാം. രമ്യയുടെ തലയില്‍ കൈവച്ചനുഗ്രഹിച്ച ശേഷം ഉടന്‍ തന്നെ വന്ന ഓട്ടോ കയറി.

അദ്ധ്യായം ആറ് – കലശം
****************************
വസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ ന്യന്യാനി സംയാതി നവാനി ദേഹി
(കീറിയ വസ്ത്രങ്ങള്‍ കളഞ്ഞു പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് പോലെ
ജീര്‍ണിച്ച ശരീരങ്ങള്‍ വെടിഞ്ഞ്  ആത്മാവ് പുതിയവ കൈകൊള്ളുന്നു) 
ശ്രീമദ് ഭഗവത്ഗീത ദ്വിതിയോദ്ധ്യായ സംഖ്യാ യോഗം

ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ വീഴാന്‍ പോയ തന്നെ കാരവന്‍ ഡ്രൈവര്‍ താങ്ങി പിടിച്ചു വണ്ടിയില്‍ കയറ്റി കിടത്തി. ഷാഫിയെന്നാണ് ഡ്രൈവറുടെ പേര് ആലുവയ്ക്കടുത്ത് മാറമ്പിള്ളി  സ്വദേശി നല്ലൊരു മുസ്ലിം പയ്യന്‍. ഉത്തമ മത വിശ്വസിയണെങ്കിലും എല്ലാ മതങ്ങളെയും ഒരേ പോലെ കാണുന്നവന്‍. ഒരാഴചത്തെ പരിചയമുള്ളുവെങ്കിലും തന്റെ കഥകള്‍ കുറെയൊക്കെ അറിയാം ഏതോ ഒരു സഹാദിയാണ് താന്‍ എന്നാണ് ഷാഫി പറയുന്നത്. ഏതെങ്കിലും ആശുപത്രിയില്‍ പോകാം എന്ന് ഷാഫി പറഞ്ഞെങ്കിലും നേരെ ഹോട്ടലിലേക്ക് വണ്ടി വിടുവാന്‍ പറഞ്ഞു. റൂമിലെത്തിച്ചു ബെഡ്ഡില്‍ കിടത്തിയ ശേഷം സഹായത്തിനു നില്‍ക്കണോ എന്ന് ചോദിച്ചെങ്കിലും ഏകാന്തത ആവിശ്യമായത് കൊണ്ട് വീട്ടില്‍ പൊയ്ക്കൊള്ളാന്‍ പറഞ്ഞു നാളെ റസ്റ്റ്‌ എടുത്തോളൂ ആവിശ്യമുണ്ടെങ്കില്‍ വിളിക്കാം എന്നും പറഞ്ഞു. മടിച്ചു മടിച്ചാണവന്‍ പോയത് അവന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴു മാസമെയായോള്ളൂ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയുമാണ്.

സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല ചായ വരുത്തി കുടിച്ചു. നീണ്ടു നിവര്‍ന്നു കണ്ണുകള്‍ അടച്ചു കിടന്നു അടച്ച കണ്‍പോളകള്‍ക്കുള്ളില്‍ നൂറുകണക്കിന് ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു. അനുജത്തിമാരായ ഗീതയും ശോഭയും തന്റെ ഓമനകളായിരുന്നു അവര്‍ വിടരുന്നതിനു മുന്‍പ് വിധിയെന്തേ ആ പൂക്കളെ തല്ലി കൊഴിച്ചേ. സ്നേഹത്തിന്റെ നിറകുടമായിരുന്നു തന്റെ അമ്മ, ഇപ്പോഴും അമ്മയുടെ വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ പരത്തി നടക്കുന്നുണ്ടോ. അമ്മയുടെ മടിയില്‍ തല വച്ച് എത്ര നേരം കിടന്നാലും മതിയാകില്ല. നിമിഷനേരെത്തെ മാനസിക സമര്‍ദ്ദം കൊണ്ട് അച്ഛന്‍ തല്ലി കൊഴിച്ച മൂന്നു ജന്മങ്ങള്‍. അറസ്റ്റോ ജോലിയില്‍ നിന്ന് പിരിച്ചുവിടാലോ എന്തെങ്കിലും ആയി കൊള്ളട്ടെ വരുന്നിടത്ത് വച്ച് കാണാം എന്ന് അന്ന് അച്ഛന്‍ ചിന്തിച്ചിരുന്നങ്കിലോ. അന്നെന്തേ തനിക്ക് വീട്ടില്‍ നില്‍ക്കാതിരുന്നത് വിധിയുടെ ഓരോ കളികള്‍.

സിങ്ക് കമ്പനിയുടെ തുടക്കം മുതലേയുള്ള ജീവനക്കാരായിരുന്നു അച്ഛനും സുകുമാരനമ്മാവനും. ഐ ടി ഐ കഴിഞ്ഞ അമ്മാവന്‍ പ്ലാന്റിലും ഇന്റെറും ടൈപ്പും പാസായ അച്ഛന്‍ ഓഫീസിലും. തൊട്ടടുത്ത ക്വോര്‍ട്ടേഷ്സ് കിട്ടിയ അവര്‍ താമസിയാതെ ഉറ്റ ചെങ്ങാതിമാരായി. ചുരുങ്ങിയ വിലയ്ക്ക് മുപ്പത്തടത്തില്‍ ഇരുപതു സെന്റ്‌ സ്ഥലം വാങ്ങിയ അവര്‍ കിഴക്കും പടിഞ്ഞാറുമായി രണ്ടു വീടുകള്‍ പണിതു താമസമാക്കി. അധികം താമസിയാതെ വിവാഹിതരായ അവര്‍ ഒരേ കുടുംബം പോലെ കഴിഞ്ഞു. ഞങ്ങള്‍ മൂന്ന് മക്കള്‍  മൂത്തവന്‍ ഗോപിയെന്നു വിളി പേരുള്ള താനും  ഇളയവരായ ഗീതയും ശോഭയും. അമ്മാവന് ഒരു മകള്‍ മാത്രം അംബിക തന്നെക്കാള്‍ രണ്ടു വയസു താഴെ. വര്‍ഷങ്ങള്‍ കഴിഞ്ഞു താന്‍ ഡിഗ്രിയ്ക്കായി അംബിക പ്രീഡിഗ്രി ഗീത ഒന്‍പതിലും ശോഭ അഞ്ചിലും. ഇതിനിടയില്‍ അച്ഛന്‍ കമ്പനിയില്‍ അസിസ്ന്റ്റ്‌ മാനേജരായി അമ്മാവന്‍ ഫോര്‍മാനും. ശമ്പളം കൂടി കൈയില്‍ പൈസയൊക്കെയായപ്പോള്‍ അച്ഛന് ചില ചീത്ത കൂട്ട് കെട്ടുകളായി മദ്യപാനം ഒരു ശീലമാക്കി അമ്മാവന്‍ പല തവണ ഉപദേശിച്ചങ്കിലും ചെവി കൊള്ളാന്‍ തയ്യാറായില്ല. അങ്ങിനെയിരിക്കെ താന്‍ ഡിഗ്രി ഫസ്റ്റ് ക്ലാസ്സില്‍ പാസായി ചെങ്ങനാശ്ശേരി എസ് ബി കോളേജില്‍ എം എസ് സിയ്ക്ക് ചേര്‍ന്നു തിരുവല്ലയിലെ വല്യച്ഛന്റെ വീട്ടില്‍ താമസിച്ച് പഠനവും തുടര്‍ന്നു. ഒരു മാസന്ത്യം ജീവനക്കാര്‍ക്കുള്ള ശമ്പളം ബാങ്കില്‍ നിന്നെടുത്തു ഓഫീസ് സേഫില്‍  വച്ച് അച്ഛന്‍ പതിവ് പോലെ  കൂട്ടുകാരോടൊപ്പം മദ്യപിക്കുവാന്‍ പോയി. കൂട്ടുകാരില്‍ ചിലര്‍ ഓഫീസിന്റെയും സേഫിന്റെയും താക്കോല്‍ അച്ഛനറിയാതെ കൈക്കലാക്കി. മദ്യപിച്ച് മതോന്മത്തനായ അച്ഛനെ  വീട്ടിലാക്കിയിട്ടു രാത്രി തന്നെ സേഫിലെ പണം കൈക്കലാക്കി സ്ഥലം വിട്ടു. രാവിലെ ഉണര്‍ന്നു താക്കോല്‍ കാണാതെ പരിഭ്രാന്തനായ അച്ഛന്‍ കമ്പനിയില്‍ ചെന്ന് നോക്കിയപ്പോള്‍ ഓഫീസും സേഫും തുറന്നു കിടക്കുന്നത് കണ്ടു വീട്ടിലേയ്ക്ക് ചെന്ന് തലേ ദിവസം പച്ചക്കറി തോട്ടത്തില്‍ തളിക്കുവാന്‍ വാങ്ങിയ പരാമര്‍ എന്ന കീടനാശിനി അമ്മയ്ക്കും അനുജത്തിമാര്‍ക്കും കൊടുത്ത് അച്ഛനും കഴിച്ചു. രാവിലെ കതകു തുറക്കതതെന്തു എന്ന് കരുതി അമ്മാവന്‍ വന്നു നോക്കുമ്പോഴേക്കും.......

ആലുവാ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നിലേ വരാന്തയിലിരുന്ന തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കോളേജിലായിരുന്ന തന്നെ പ്രിസിപ്പലച്ചന്‍ സ്വന്തം കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചെങ്ങനാശ്ശേരി മുതല്‍ ആലുവ വരെ നല്ലവനായ വെള്ളിമറ്റത്തച്ഛന്‍ പറഞ്ഞു കൊണ്ടിരുന്നത് ആത്മഹത്യ ചെയ്യരുത് ജീവിതം നേരിടണം എന്നാണ്. മോര്‍ച്ചറിയുടെ മുന്നില്‍ വച്ച് സഹപാഠി രാജശേഖരനാണ് ബോംബയിലേക്ക് പോകുവാന്‍ പറഞ്ഞത്. വീടിന്റെ തെക്ക് വശത്ത്‌ ഒരേ ചിതയില്‍ തന്നെ നാലുപേരെയും ദഹിപ്പിച്ച് കലമുടച്ച ശേഷം അംബികയോട് പോലും പറയാതെയാണ് താന്‍ പോയത്. കൈയില്‍ കീറിയ എയര്‍ ബാഗും അതില്‍ രണ്ടു ജോഡി പാന്റും ഷര്‍ട്ടും ബീ എസ് സി പാസായതിന്റെ സര്‍ട്ടിഫിക്കറ്റും രാജശേഖരന്‍ തന്ന ഇരുനൂറു രൂപയും.

അദ്ധ്യായം ഏഴ് - തര്‍പ്പണം
*****************************
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല അച്ഛനെ സ്വപ്നം കണ്ടുകൊണ്ടാണ് ഉണര്‍ന്നത് സമയം നോക്കി രാവിലെ അഞ്ചര. എന്തായിരുന്നു സ്വപ്നം എന്നോര്‍ക്കാന്‍ ശ്രമിച്ചു ഒരു പുഴ ആള്‍ കൂട്ടം അച്ഛന്റെ കൈ പിടിച്ചു താനും. എന്തോ താന്‍ അച്ഛനോട് ചോദിക്കാന്‍ ശ്രമിക്കുന്നുണ്ട് പെട്ടന്ന് ഒരു പ്രകമ്പനം സ്വാമിയെ ശരണമയ്യപ്പ. അത് പമ്പാ തീരമല്ലേ പത്തു വയസുകാരനായ തന്നെ കുളിപ്പിച്ച് കരയ്ക്കിരുത്തി കുളിച്ചു ബലിയിടുന്ന അച്ഛന്‍. ബലിശിഷ്ടം നദിയില്‍ അര്‍പ്പിച്ചു മുങ്ങി കയറിയ അച്ഛനോട് താന്‍ ചോദിച്ചൂ എന്തിനാണ് ബലിയിടുന്നത്. അച്ഛന്‍ പറഞ്ഞു തന്നു പിതൃക്കളുടെ ആത്മാവിനു ശാന്തി കിട്ടുവാനാണ് അപ്പോള്‍ ഞാന്‍ ബലിയിടാണോ അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞൂ അതിനു നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ലല്ലോ. അച്ഛന്റെ ആത്മാവാണോ സ്വപ്നത്തില്‍ വന്നത് അതോ പണ്ട് നടന്ന സംഭവങ്ങള്‍ സ്വപ്നങ്ങളായ് വരുന്നതോ. മരിച്ചു ഇരുപത്തേഴു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ അച്ഛനും അമ്മയ്ക്കും ബലിയിട്ടില്ലല്ലോ. ചുവരിലേക്ക് വെറുതെ നോക്കി കുറെ പെയിന്റിങ്ങുകള്‍ അവക്കിടയില്‍ മരട് നഗരസഭയുടെ കലണ്ടര്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ ജൂലായ്‌ പതിനെട്ടിന് ചുറ്റും കറുത്ത വട്ടം എന്തെന്നറിയാന്‍ കലണ്ടര്‍ എടുത്തു നോക്കി കര്‍ക്കിടക വാവ്. ഇന്ന്  ജൂലായ്‌ പതിനെഴ് പെട്ടെന്ന് എഴുന്നെറ്റു ലാപ്‌ ഓണ്‍ ചെയ്തു ഗൂഗിള്‍ സെര്‍ച്ചില്‍ ശബരിമല ഓപ്പണിംഗ് ഷഡ്യുള്‍ 2012 എന്ന്‌ ടൈപ്പ് ചെയ്തു. ആദ്യം തന്നെയുള്ള ലിങ്ക് ശബരിമല അയ്യപ്പന്‍ ഡോട്ട് കോം ഫെസ്റിവല്‍ കലണ്ടര്‍ ആയിരുന്നു ജൂലായ്‌ 15 മുതല്‍ 20 വരെ നട തുറന്നിരിക്കും എന്ന്‌ കണ്ടൂ.

സ്വാമി തരുന്ന നിയോഗമായിരിക്കും ഇത് അല്ലെങ്കില്‍ ജൂലായ്‌ ഇരുപതിന് റിട്ടേണ്‍ ടിക്കറ്റുള്ള താന്‍ ഈ പുലര്‍ച്ചയില്‍  ഇങ്ങനെയൊരു സ്വപ്നം കാണുമായിരുന്നോ. റിസപ്ഷനിലേക്ക് വിളിച്ചു ശബരിമലയ്ക്ക് ഒരു വണ്ടി വേണമെന്ന് പറഞ്ഞു പത്തു മിനിറ്റുനുള്ളില്‍ അവര്‍ വിളിച്ചു ഏഴു മണിയ്ക്ക് കാര്‍ ശരിയാവുമെന്ന്. ഐക്കയെ വിളിച്ചു അവള്‍ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍ ബുദ്ധനെ കാണുവാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. ശബരിമലയ്ക്ക് എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു സന്തോഷമായി. അയ്യപ്പന്‍ ശ്രീ ബുദ്ധന്‍ തന്നെയാണെന്ന് അവള്‍ക്കറിയാം സ്വപ്നത്തെ കുറിച്ച് പറഞ്ഞു ബുദ്ധന്‍ ശരണം ധര്‍മ്മം ശരണം സ്വാമി ശരണം അയ്യപ്പ ശരണം എന്ന് പറഞ്ഞവള്‍ യാത്രാ മംഗളമോതി.

പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞു കുളിച്ചു രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും കരുതി റിസപ്ഷനില്‍ ചെന്നപ്പോള്‍ സമയം ആറു നാല്‍പ്പത്. താമസിയാതെ കാര്‍ വന്നു സ്വിഫ്റ്റ് ഡിസൈര്‍ താമസിയാതെ മലയാത്ര തുടങ്ങി. ജെന്റില്‍മാന്‍ ലുക്കുള്ള നാലപ്പത് വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന ഡ്രൈവറുടെ പേര്  ഉണ്ണികുട്ടന്‍. വീട് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ ഹോട്ടലിന് തൊട്ടടുത്തു തന്നെയാണ് അത് കൊണ്ടാണ് പെട്ടന്ന് എത്തിച്ചേരാന്‍ കഴിഞ്ഞതെന്നു പറഞ്ഞു. കാര്‍ വാങ്ങുന്നതിന് മുന്‍പ് പെട്ടി ഓട്ടോ ഓടിക്കുകയായിരുന്നെന്നും ചോദിക്കാതെ തന്നെ പറഞ്ഞു. ചെറുതായി വിക്കുള്ള ഹൈ സ്പീഡില്‍ സംസാരിക്കുന്ന ഉണ്ണികുട്ടനുമായി പെട്ടന്ന് തന്നെ കൂട്ടായി. ഒരു മണികൂറിനുള്ളില്‍ വൈക്കത്ത് എത്തി കാര്‍ അമ്പലത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റിയിട്ടു ഉണ്ണികുട്ടന്‍ പറഞ്ഞു സാര്‍ തൊഴുന്നില്ലേ. വൈക്കത്തപ്പനെ തൊഴുതു ഏറ്റുമാനൂരപ്പനെ തൊഴുതു തിരുനക്കര തേവരെ തൊഴുതു കടപ്പാട്ടുരപ്പനെ തൊഴുതു ഒരുമണി കഴിഞ്ഞപ്പോള്‍ എരുമേലിയില്‍ എത്തി. എരുമേലി ശാസ്താവിനെയും വാവര് സ്വാമിയെയും തൊഴുതു ഭക്ഷണവും കഴിച്ചു രണ്ടു മണി കഴിഞ്ഞപ്പോള്‍ എരുമേലിയില്‍ നിന്ന് പുറപ്പെട്ട് രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ പമ്പയില്‍ എത്തി. നിര്‍ത്താതെ പെയ്യുന്ന മഴയായതു കൊണ്ടാണ് ഇത്രയും വൈകിയത് അല്ലെങ്കില്‍ സന്ധ്യയാകുമ്പോഴേക്കും എത്തമായിരുന്നു. പതിനാലു മണികൂര്‍ ഒരുമിച്ചുള്ള യാത്രയില്‍ താന്‍ ആരാണെന്നു പിടികിട്ടിയ ഉണ്ണികുട്ടന്‍ സന്നിധാനത്തേക്ക് കൂടെ വരാമെന്ന് ചോദിക്കാതെ തന്നെ പറഞ്ഞു. ഹോട്ടലില്‍ നിന്നുള്ള  നിദ്ദേശപ്രകാരമെത്തിയ ടൂര്‍ എക്സിക്യുട്ടിവ് ജഗദീഷ് തങ്ങളെ സ്വീകരിച്ചു, നിലയ്ക്കല്‍ എത്തിയപ്പോള്‍ തന്നെ ജഗദീഷ് ഉണ്ണിക്കുട്ടനുമായി  സംസാരിച്ചിരുന്നു. കര്‍ക്കിടകരംഭാമായിരുന്നതിനാല്‍ പമ്പ നിറഞ്ഞൊഴുകുന്നു. അയ്യപ്പ സേവ സംഘത്തിന്റെ ഒരു റൂം തനിക്കു വേണ്ടി ജഗദീഷ് ഒരുക്കിയിരുന്നു.  കുളികഴിഞ്ഞു അത്താഴം കഴിച്ചു കിടന്നു. തലേ ദിവസത്തെ ഉറക്കബാക്കിയും യാത്രക്ഷീണവും കാരണം പെട്ടന്ന് തന്നെ ഉറങ്ങി. രാവിലെ നാല് മണിയ്ക്ക് തന്നെ ജഗദീഷ് വിളിച്ചുണര്‍ത്തി വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയാതാണങ്കിലും ഇന്ത്യയില്‍ പുതുമയാണ് ടൂര്‍ എക്സിക്യുട്ടിവ് ശൈലി. പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവര്‍ നമ്മള്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ സ്ഥലത്തെത്തി സകല സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്യുന്നു. കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് വേണ്ടി ഇവര്‍ പെടുന്നപാട് കണ്ടാല്‍ സഹതാപം തോന്നും. സാര്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്തു വരൂ ബലി തര്‍പ്പണത്തിനു വേണ്ടി തറയില്‍ ഒരുക്കങ്ങളെല്ലാം ചെയ്തു ശാന്തി കാത്തിരിക്കുന്നു.

പവിത്രമായ പമ്പയില്‍ മുങ്ങി ഈറനോടെ ബലിത്തറയില്‍ വന്നു ഇടത്തുകാല്‍ മുന്‍പോട്ടും വലതുകാല്‍ പിന്‍പോട്ടും മടക്കി വച്ചിരുന്നു ശാന്തി മുന്നിലേക്ക്‌ നീക്കി വച്ച തളികയില്‍ നിന്ന് പവിത്രം വലതു കൈയിലെ മോതിരവിരലില്‍ ഇട്ട് കിണ്ടിയില്‍ നിന്ന് ജലമോഴുക്കി തറ കഴുകി. ശാന്തിയുടെ നിര്‍ദ്ദേശാനുസരണം തറയില്‍ ഇല വച്ച് തുളസി പൂവിട്ടു മൂന്നു തവണ അരി നനച്ചു ഇലയില്‍ വച്ചു.  അരിയിലേക്ക് പിതാവിനെയും മാതാവിനെയും പേരും നാളും ചൊല്ലി വിളിച്ചു ആവാഹിച്ചൂ, മൂന്നാമത് വച്ച അരിയിലേക്ക് മറ്റു പിതൃക്കളെയും ആവാഹിച്ചു കുടി നീര്‍ കൊടുത്ത് ദാഹമടക്കി. ശേഷം എള്ളും പൂവും നനച്ചു മൂന്നാവര്‍ത്തി വച്ച് ഇലയെടുത്തു നദിയിലിറങ്ങി പവിത്രം ഊരി കെട്ടഴിച്ചു ദര്‍ഭയും ഇലയും തലയ്ക്കു മീതെ കൂടി പിറകോട്ടെറിഞ്ഞു മുങ്ങി ശന്തിയ്ക്ക് ദക്ഷിണ കൊടുത്ത് കെട്ട് നിറയ്ക്കാന്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തി.

അദ്ധ്യായം എട്ട് – മുക്തി
*************************
എങ്കില്‍ ഞാന്‍ അഗ്നി പ്രവേശം ഭഗവല്‍
പാദ പങ്കജത്തോട് ചേരുവാന്‍ തുടങ്ങുന്നു
പാര്‍ക്കേണം മുഹുര്‍ത്തമാത്രം ഭവാന ത്രൈവ മേ
തീര്‍ക്കേണം മായകൃത ബന്ധനം ദയാനിധേ
ഭക്തിപൂണ്ടത്ഥമുക്ത ദേഹത്യാഗവും ചെയ്തു മുക്തിയും സിദ്ധിച്ചിത് ശബരി
(ശബരി മോക്ഷപ്രാപ്തി  - അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്)

ജഗദീഷ് വേണ്ടപോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു പമ്പ ഗണപതി കോവിലിലെത്തിയ തനിക്കു വി ഐ പി പരിഗണന തന്നെയായിരുന്നു കിട്ടിയത്, മേല്‍ ശാന്തി തന്നെ കെട്ടുനിറയ്ക്കാന്‍ ഗുരുസ്വാമിയായി. ആദ്യം ഒരു രൂപ നാണയം വെറ്റിലയില്‍ പൊതിഞ്ഞു കെട്ടി കാണിപൊന്നായീ മുന്‍ കെട്ടില്‍ നിക്ഷേപിച്ചു തുടര്‍ന്ന് നാളികേരത്തില്‍ നെയ്‌ മുദ്ര നിറച്ചു കോര്‍ക്കിട്ടു കോലരക്ക് കൊണ്ട് ഭദ്രമായി സീല്‍ ചെയ്തു നിക്ഷേപിച്ചു. മൂന്നു കൈ അരി മറ്റു വഴിപാടു സാധനങ്ങള്‍ എന്നിവയും മുന്‍ കെട്ടില്‍, പിന്‍ കെട്ടില്‍ അരിയും നാളികേരങ്ങളും പല വ്യഞ്ജന സാധനങ്ങളും നിറച്ചു കെട്ടി ഗുരുസ്വാമിയ്ക്ക് ദക്ഷിണ നല്‍കി പവിത്രമായ പള്ളിക്കെട്ട് തലയില്‍ ഏറ്റുവാങ്ങി പമ്പ ഗണപതിയ്ക്ക് കേരമുടച്ച്‌ മലകയറ്റം തുടങ്ങി.

അച്ഛന്റെ വാക്കുകള്‍ ഒഴികിവരുന്നത്‌ പോലെ നാല്‍പ്പതു വര്‍ഷം മുന്‍പുള്ള തന്റെ കന്നി യാത്രയില്‍ അച്ഛന്‍ ഇരുമുടി കെട്ടിന്റെ മാഹാത്മ്യം പറഞ്ഞു തന്നിരുന്നു. മുന്‍ കെട്ടില്‍ ശബിരീശ്വനുള്ള വഴിപാട് സാധനങ്ങളും പിന്‍ കെട്ടില്‍ യാത്രയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും പതിനെട്ടാംപടിയില്‍ അടിക്കാനുള്ള നാളികേരവുമായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളും. മലയാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടി താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം.

പമ്പാ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കുറച്ചു താഴെക്കിറങ്ങി പിന്നെ രണ്ടു കിലോമീറ്റര്‍ കുത്തനെ കയറ്റം കയറി ചെന്നാല്‍ ശബരിപീഠം എത്തും. നാല്‍പ്പതു വര്‍ഷം മുന്‍പ് താന്‍ വന്നപ്പോള്‍ മണ്ണും കല്ലുകളും നിറഞ്ഞ വഴിയായിരുന്നു ഇപ്പോള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് പടികളായി മാത്രമല്ല മേല്‍കൂരയും. അന്ന് കാനന പാതയായിരുന്നു ഇന്നോ രണ്ടുവശവും വിശ്രമ സങ്കേതങ്ങളും ഓക്സിജന്‍ പാര്‍ലറുകളും കാര്‍ഡിയാക് സെന്ററുകളും നിറഞ്ഞ ഹൈടെക് പാത. പക്ഷെ കയറ്റം കയറിത്തന്നെ ചെല്ലണമല്ലോ കുറച്ചു കയറിയപ്പോഴേക്കും താന്‍ ആകെ തളര്‍ന്നു. അത് കണ്ടു ജഗദീഷ് ഡോളി വിളിക്കട്ടെ എന്ന്‌ ചോദിച്ചൂ. ഡോളി രസകരമായ സാധനം തന്നെ ഒരു ചൂരല്‍ കസേരയുടെ ഇരു സൈഡിലും ബലമുള്ള കമ്പുകള്‍ കെട്ടി നാലുപേര്‍ ചുമക്കുന്നു. കസേരയില്‍ ഇരിക്കുന്നയാള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പതിനെട്ടാം പടിക്ക് താഴെ ചെല്ലുന്നു താന്‍ ഏതായാലും ആ പരിപാടി വേണ്ടെന്നു തീര്‍ത്ത്‌ പറഞ്ഞു. പതുക്കെ പതുക്കെ കയറി തന്നെ ചെല്ലണം എങ്കിലല്ലേ പാപങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റൂ. ബുദ്ധിമുട്ടില്ലാതെ അയ്യപ്പനെ കാണണമെങ്കില്‍ എറണാകുളത്തുള്ള ഏതങ്കിലും ക്ഷേത്രത്തില്‍ പോയാല്‍ പോരെ. ഇതല്ലാം കണ്ടു ഉണ്ണികുട്ടന്‍ ആകെ ത്രില്ലടിച്ചു പോയി അവന്‍ പറഞ്ഞു ഞാന്‍ ഒരു പാട് വി ഐ പി കളെയും കൊണ്ട് പലയിടത്തും ട്രിപ്പ്‌ പോയിട്ടുണ്ട് ഇങ്ങനെ ഒരു സാറിനെ ആദ്യമായി കാണുകയാണ്.

മഴക്കാലമായത് കൊണ്ട് അയ്യപ്പന്മാര്‍ വളരെ കുറച്ചേയുണ്ടയിരുന്നോള്ളൂ ഇടയ്ക്കിടയ്ക്ക് മഴ പെയ്യന്നുണ്ടായിരുന്നു മേല്കൂരയുള്ളത് കൊണ്ട് ഒരു തുള്ളി വെള്ളം പോലും ദേഹത്ത് വീണില്ല. ആകെയുള്ള കുഴപ്പം വിശ്രമത്തിനായ് വശങ്ങളില്‍ തീര്‍ത്തിരുന്ന കോണ്‍ക്രീറ്റ് കസേരകളിലേക്ക്‌ പോകുവാന്‍ പറ്റിയില്ലയന്നതാണ് അത് കൊണ്ട് പടികളില്‍ തന്നെയിരുന്നു വിശ്രമിച്ചൂ. പതുക്കെ നടന്നും പടികളില്‍ ഇരുന്നും ശബരി പീഠത്തില്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞൂ അപ്പോഴേക്കും നല്ല വിശപ്പ്‌ സ്ഥിരം കടകളായി കുറെയുണ്ടെങ്കിലും ഒരണ്ണം മാത്രമേ തുറന്നിരുന്നോള്ളൂ അവിടെന്നു പയറും നാരങ്ങ അച്ചാറും കൂട്ടി വയറു നിറച്ചു കഞ്ഞി കുടിച്ചു.

ശബരി തപസനുഷ്ടിച്ചിരുന്ന പരിപാവനമായ സ്ഥലമാണ്‌ ശബരിപീഠം ഇന്നവിടെ കേരമടിക്കുവാനുള്ള ചെറിയൊരു കുഴിയും ചെറിയൊരു തറയും മാത്രം. തറയ്ക്ക് ചുറ്റുമുള്ള കമ്പി വേലിയില്‍ ഈ വര്‍ഷകാലത്തും നിറയെ കച്ചകള്‍. ആദ്യത്തെ മലയാത്രയില്‍ എരുമേലിയില്‍ പേട്ടകെട്ടിയില്ലെങ്കിലും അച്ഛന്‍ ഒരു ശരകോലും കച്ചയും വാങ്ങി തന്നു. അതെന്തിനെന്നു ചോദിച്ചപ്പോള്‍ കന്നി അയ്യപ്പന്മാര്‍ ശബരിപീഠത്തിലെത്തുമ്പോള്‍ ശബരിയമ്മയ്ക്ക് വസ്ത്രം കൊടുക്കണം അതാണ് കച്ച. എന്നിട്ട് കേറി ശരംകുത്തിയില്‍ ചെല്ലുമ്പോള്‍ ശരകോലവിടെ നിക്ഷേപിക്കണം. മകര സംക്രമം കഴിഞ്ഞു മാളികപ്പുറത്തമ്മയെ എഴുന്നുള്ളിച്ചു ശരംകുത്തിയില്‍ കൊണ്ടുവരും അവിടെ ശരം ഒന്നും കണ്ടില്ലെങ്കില്‍; കന്നി അയ്യപ്പമാര്‍ വന്നിലെങ്കില്‍; മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാം എന്ന് അയ്യപ്പന്‍ വാക്ക് കൊടുത്തിടുണ്ടത്രേ. മാളികപ്പുറത്തമ്മ ശരംകുത്തിയില്‍ വരുന്നത് വാദ്യഘോഷങ്ങളോടെയാണ്, ശരങ്ങള്‍ കണ്ടു തിരിച്ചു പോകുന്നതോ നിശബ്ദമായി, എങ്കിലും മാളികപ്പുറത്തമ്മ ആശ്വസിക്കും അടുത്ത കൊല്ലം വരാം അപ്പോള്‍ ശരമോന്നും കണ്ടില്ലെങ്കില്‍ വിവാഹം നടത്താം പ്രത്യാശായല്ലേ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. തനിക്കു അന്നുമിന്നും അത്ഭുതമാണ് അച്ഛന്റെ കഥകള്‍. ഇത്രമാത്രം അറിയാവുന്ന അച്ഛനു അന്ന് അടി തെറ്റി പോയതെന്തേ പതറി പോയതെന്തേ.... വിധിയുടെ ലീല വിലാസങ്ങള്‍.

ഇനി സമയം കളയാനില്ല ശരംകുത്തിയിലേക്ക് കയറുക തന്നെ ലേശം കയറ്റമുള്ളുവെങ്കിലും നല്ല കിതപ്പ് തോന്നി വയറു നിറയെ കഞ്ഞി കുടിച്ചതിനാലായിരിക്കണം. കയറുന്തോറും പുറം വഴിക്ക് വല്ലാത്ത വേദന ഇനി കുറച്ചല്ലേയുള്ളൂ കയറുക തന്നെ. സാര്‍ വല്ലാതെ വിയര്‍ക്കുന്നല്ലോ ഇരിക്കൂ എന്ന് പറഞ്ഞു ഉണ്ണികുട്ടനും ജഗദീഷും തന്നെ പിടിച്ചുവോ ഇപ്പോള്‍ എവിടെയാണാവോ വല്ലാത്ത ഇരുട്ട് ദൂരെയൊരു പ്രകാശരേണു തന്നെ മാടി വിളിക്കുന്നുവോ.

ഗോപാലകൃഷ്ണന്റെ വലതു കൈയില്‍ അപ്പോഴും ശരകോല്‍ ഉണ്ടായിരുന്നു.

കൊച്ചി മെട്രോ റയില്‍വേയ്ക്ക് ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാതെ ഡി എം ആര്‍ സി നേരിട്ട് ചെയ്യുമായിരിക്കാം അല്ലെങ്കില്‍ മിത്സുബഷിയ്ക്ക് കോണ്ട്രാക്റ്റ് കിട്ടുമായിരിക്കാം. 2014 തിരുവോണ ദിവസം കൊച്ചി മെട്രോ കമ്മിഷന്‍ ചെയ്യുമായിരിക്കും അല്ലെങ്കില്‍ അനേക വര്‍ഷങ്ങള്‍ പിന്നെയും നീണ്ടു പോയേക്കാം. മിത്സുബഷിയ്ക്ക് ഇതിലും നല്ല പ്രൊജക്റ്റ്‌ മാനേജരെ കിട്ടുമായിരിക്കും. ഐക്ക വര്‍ഷങ്ങളോളം ഏകാന്തത അനുഭവിച്ചു ബുദ്ധനില്‍ വിലയം പ്രാപിച്ചേക്കാം. അംബികയുടെ മക്കള്‍ നല്ല ജോലി നേടി അമ്മയ്ക്ക് അവസാന നാളുകളില്‍ സമാധാനം നല്കിയേക്കാം. ഏതായാലും ഐക്കയ്ക്കും അംബികയ്ക്കും രമ്യക്കും ഷാഫിയ്ക്കും ഉണ്ണികുട്ടനും ജഗദിഷിനും എന്നെന്നും ഓര്‍ക്കുവാന്‍ ഒരു കഥ ബാക്കി വച്ച് ഗോപാലകൃഷ്ണന്‍ യാത്രയായി.

2 comments:

  1. വളരെ നല്ല കഥ.പെട്ടന്ന് തീര്ന്നുപോയത് പോലെ തോന്നി. പമ്പയില്‍ ബലിയിടുന്ന ഭാഗം വളരെ വികാര നിര്‍ഭരമായി.
    ഞാന്‍ ഉദയംപേരൂര്‍ താമസക്കാരനാണ്.മരട് തന്നെയാണോ താമസം?

    ReplyDelete
  2. വായനയ്ക്കും അഭിപ്രയം രേഖപ്പെടുത്തിയതിനും നന്ദി ഉദയപ്രഭന്‍
    മരടില്‍ തന്നെയാണ് എന്റെ വീട്

    ReplyDelete